ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രി നിർമലാ സീതാരാമനാണ് എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രം പഠിക്കണമെന്ന് കോൺഗ്രസ്. കന്യാകുമാരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എത്തിയ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിനിടയിൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി തമിഴ്നാട്ടുകാരിയാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചരിത്രം അറിയില്ലെങ്കിൽ മോദി പഠിക്കണമെന്ന് കോൺഗ്രസ് വിമർശിച്ചത്. .
പ്രസംഗത്തിനിടെ അഭിനന്ദൻ തമിഴനാണ് എന്നതിൽ തമിഴ്നാട്ടുകാർക്ക് അഭിമാനിക്കാമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇതിന് ശേഷം ‘ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി തമിഴ്നാട്ടുകാരിയാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു’വെന്നും മോദി കൂട്ടിച്ചേർത്തു. എന്നാൽ ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി ഇന്ദിരാ ഗാന്ധിയാണെന്ന് കോൺഗ്രസ് ഓർമ്മിപ്പിച്ചു.
പൊളിറ്റിക്കൽ സയൻസ് ബിരുദത്തില്‍ ഈ ഭാഗം വിട്ടുപോയെങ്കിൽ ചരിത്രം പഠിക്കണമെന്ന് കോൺഗ്രസ് അറിയിച്ചു. ഗുജറാത്ത് സർവകലാശാല വി.സി എം.എൻ. പട്ടേൽ മോദി പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയതായി നേരത്തേ പറഞ്ഞിരുന്നു. 1983ൽ 62.3 ശതമാനം മാർക്കോടെയാണ് മോദി പാസായതെന്നായിരുന്നു അവകാശവാദം. ഇതിനെ സൂചിപ്പിച്ചായിരുന്നു കോൺഗ്രസിന്റെ പരിഹാസം.