ന്യൂഡൽഹി: പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തി. വാഗാ അതിർത്തിയിൽ വച്ച് രാത്രി 9.20ഓടെയാണ് അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്. തന്റെ മാതൃരാജ്യത്ത് തിരിച്ചെത്തിയതിൽ ഞാൻ സന്തോഷിക്കുന്നുവെന്ന് അഭിനന്ദൻ പറഞ്ഞതായി ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നെഞ്ച് വിരിച്ച് എത്തിയ അഭിനന്ദനെ കാണാൻ വാഗ അതിർത്തിയിൽ ആയിരങ്ങളാണ് എത്തിച്ചേർന്നത്. റെഡ് ക്രോസിൻെറ മെഡിക്കൽ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങൾക്കും പ്രോട്ടോകോളുകൾക്കും പിന്നാലെയാണ് സൈനികനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്. പാകിസ്ഥാനി റേഞ്ചേഴ്സാണ് അഭിനന്ദനെ ബി.എസ്.എഫിന് കൈമാറിയത്. മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർ അഭിനന്ദനെ സ്വീകരിച്ചു.
അത്താരിയിൽ നിന്നും അമൃത്സറിലേക്ക് കൊണ്ടു പോകുന്ന അഭിനന്ദിനെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും ഇന്ത്യൻ എയർഫോഴ്സ് ഇന്റലിജൻസ് യൂണിറ്റിലേക്കാണ് കൊണ്ടുപോകുക.