ga

ലോകത്തിലെ ഏറ്റവും മികച്ച 50 റസ്റ്റാറന്റുകളിൽ നിന്ന് ബെസ്റ്റ് ഫീമെയിൽ ഷെഫ് എന്ന ബഹുമതി സ്വന്തമാക്കിയത് ഒരു ഇന്ത്യക്കാരി. 32കാരിയായ ഗരിമ അറോറയാണ് ഈ വർഷത്തെ ഏഷ്യയിലെ ബെസ്റ്റ് ഫീമെയിൽ ഷെഫ് എന്ന ബഹുമതി ഇന്ത്യയിലെത്തിച്ചത്. ബാങ്കോക്കിൽ ‘ ഗാ’ എന്ന പേരിൽ റസ്റ്റോറന്റ് നടത്തുകയാണ് ഗരിമ. കഴിഞ്ഞ വർഷം ആതിഥ്യമര്യാദയുടെയും പാചകനൈപുണ്യത്തിന്റെയും അതിഥി സത്കാരത്തിന്റെയും പേരിൽ നൽകുന്ന മെക്കലിൻ സ്റ്റാർ പദവി ഗരിമയുടെ റസ്റ്റാറന്റ് നേടിയിരുന്നു. . തായ്‍ലന്‍ഡിലെ ഏറ്റവും മികച്ച റസ്റ്റോറന്റുകള്‍ക്ക് മാത്രം ലഭിക്കുന്ന പദവിയാണ് ഗരിമ സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ബെസ്റ്റ് ഫീമെയിൽ ഷെഫ് എന്ന നേട്ടവും.

പത്രപ്രവർത്തനത്തിൽ നിന്നാണ് റസ്റ്റാറന്റ് ഉടമ എന്ന നിലയിലേക്ക് ഗരിമ എത്തിയത്. പാരിസിൽ നിന്ന് 2010ൽ ബിരുദം നേടിയതിന് ശേഷം കോപ്പൻഹേഗനിലായിരുന്നു മാധ്യമ പ്രവർത്തനം. 2016ൽ തിരിച്ചെത്തിയതിനുശേഷം ബാങ്കോക്കിലെ ഗഗൻ റസ്റ്റോറന്റിൽ ഷെഫ് ആയിചേർന്നു.

2017ലാണ് ഗരിമ തന്റെ ഗാ റസ്റ്റോറന്റ് തുറന്നത്. മൂന്നു നിലകളിലായാണ് റസ്റ്റാറന്റിന്റെ പ്രവർത്തനം. ഇന്ത്യയുടെ പരമ്പരാഗതമായ രുചികളും ആധുനിക പാചകരീതിയുമായി സംയോജിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഗരമിയയുടെ പരീക്ഷണങ്ങൾ. തായ് എന്നോ ഇന്ത്യൻ എന്നോ വേർതിരിക്കാനാവാത്ത രീതിയിൽ പുതിയ വിഭവങ്ങൾ അവർ ലോകത്തിന് പരിചയപ്പെടുത്തി.

ഇന്ത്യൻ ചരിത്രത്തിൽ അടിസ്ഥാനമാക്കിയുള്ള അനേകം വിഭവങ്ങൾ ഗരിമ തയ്യാറാക്കിയിരുന്നു. ഇവയൊക്കെയും ഏഷ്യയ്ക്കാകെ പ്രിയപ്പെട്ടതാക്കി മാറ്റാൻ കഴിഞ്ഞതാണ് ബെസ്റ്റ് ഫീമെയിൽ ഷെഫ് എന്ന നേട്ടത്തിന് ഗരിമയെ പ്രാപ്തയാക്കിയത്. ഈ മാസം 26ന് മക്കാവുവിൽ നടക്കുന്ന ചടങ്ങിൽ ബെസ്റ്റ് ഫീമെയ്ൽ പുരസ്കാരം ഗരിമയ്ക്കു സമ്മാനിക്കും.