തിരുവനന്തപുരം : കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ദിവസേന 200 ഓളം പേർ ആശ്രയിക്കുന്ന നഗരത്തിലെ വിശാലമായ നീന്തൽക്കുളം അടച്ചിട്ടിട്ട് മൂന്ന് മാസം പിന്നിടുന്നു. സ്പോർട്സ് യുവജനകാര്യവകുപ്പിന് കീഴിലെ വെള്ളയമ്പലം ജിമ്മി ജോർജ് സ്പോർട്സ് ഹബ്ബിലെ നീന്തൽക്കുളമാണ് അറ്റകുറ്റപ്പണിയുടെ പേരിൽ മൂന്ന് മാസമായി അടച്ചിട്ടിരിക്കുന്നത്. ഡിസംബർ ആദ്യ ആഴ്ചയാണ് നോട്ടീസ് പതിച്ച് നീന്തൽക്കുളം അടച്ചത്. ഡിസംബർ 30ന് പ്രവർത്തനം പുനരാരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഇന്നുവരെ തുറന്നിട്ടില്ല. പൊട്ടിയ ടൈൽസുകൾ മാറ്റാനും പുതിയ ശൗചാലയങ്ങൾ പണിയാനുമാണ് കുളം അടച്ചത്.
എന്നാൽ മൂന്ന് മാസം പിന്നിടുമ്പോഴും തുറക്കാത്തതിൽ കടുത്ത പ്രതിഷേധവും ഉയർന്നു കഴിഞ്ഞു. നീന്തൽക്കുളത്തെ ദിവസേന ആശ്രയിക്കുന്നവരുടെ കൂട്ടായ്മയായ സ്വിമ്മിംഗ് പൂൾ യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതിയും നൽകി കഴിഞ്ഞു. നീന്തൽക്കുളത്തിന്റെ ഭാഗമായി ജോലി നോക്കുന്ന മാനേജർ, രണ്ട് സീനിയർ ലൈഫ് ഗാർഡ്, രണ്ട് ലൈഫ് ഗാർഡ്, രണ്ട് വനിതാ ലൈഫ് ഗാർഡ്, രണ്ട് ശുചീകരണ തൊഴിലാളികൾ എന്നിവരെ മൂന്ന് മാസമായി മറ്റ് ജോലികൾക്ക് നിയോഗിച്ചിരിക്കുകയാണ്. ഒരു മണിക്കൂർ 80 രൂപ നിരക്കിലാണ് നീന്തൽക്കുളത്തിൽ പാസ് അനുവദിക്കുന്നത്. 1200 രൂപ അടച്ച് ഒരു മാസത്ത പാസ് എടുക്കുന്നവരും നിരവധിയാണ്. നീന്തൽക്കുളത്തിന്റെ പ്രവർത്തനം നിലച്ചതോടെ ഈ വരുമാനവും നഷ്ടമായി.
നാല് വർഷം മുമ്പ് മുടക്കിയത് കോടികൾ
1962 മുതൽ നഗരത്തിന്റെ സ്വന്തമായ കുളം 2015ൽ അടിമുടി പരിഷ്കരിച്ചിരുന്നു. നാഷണൽ ഗെയിംസിന്റെ ഭാഗമായി കോടികളാണ് അന്ന് മുടക്കിയത്. അത്തരമൊരു സാഹചര്യത്തിൽ മൂന്ന് മാസം അടച്ചിട്ട് നടത്തേണ്ട നവീകരണ പ്രവർത്തനങ്ങൾ ജിമ്മി ജോർജ് സ്പോർട്സ് ഹബ്ബിലെ നീന്തൽക്കുളത്തിൽ ഇല്ലെന്ന് ദിവസവും മണിക്കൂറുകളോളം നീന്തൽക്കുളം ഉപയോഗിക്കുന്നവർ പറയുന്നു.
പണി നീട്ടിയത് കോൺട്രാക്ടറെന്ന് അധികൃതർ
കോൺട്രാക്ടറുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസമാണ് പണി നീണ്ടുപോകാൻ കാരണമെന്ന് സ്പോർട്സ് ഡയറക്ടർ സഞ്ജയൻ കുമാർ പറഞ്ഞു.നീന്തൽക്കുളം മോടിപിടിപ്പിക്കുന്ന പണികൾ അന്തിമഘട്ടത്തിലാണ്. നാല് ദിവസത്തിനുള്ളിൽ കുളം തുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സൗകര്യങ്ങൾ ഇങ്ങനെ