തിരുവനന്തപുരം : വെള്ളം കിട്ടാതെ ജനറൽ ആശുപത്രിയിലെ രോഗികളും കൂട്ടിരുപ്പുകാരും നെട്ടോട്ടമോടിയിട്ടും അധികൃതർ അറിഞ്ഞ ഭാവമില്ല. കുടിക്കാനും കുളിക്കാനും പാത്രങ്ങൾ കഴുകാനും മാത്രമല്ല പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ പോലും കുപ്പിവെള്ളമാണ് ഇവർക്ക് ആശ്രയം. ദിവസങ്ങളായി രോഗികളും കൂട്ടിരുപ്പുകാരും അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരമുണ്ടാക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. ഇവരുടെ പ്രതിഷേധത്തിനും പരാതിക്കുമിടയിൽ ജീവനക്കാരാണ് ഏറെ കഷ്ടപ്പെടുന്നത്.
വാട്ടർ അതോറിട്ടിയിൽ നിന്നു ടാങ്കറുകളിലെത്തിക്കുന്ന വെള്ളമാണ് ഇപ്പോൾ ഇവിടത്തെ ആശ്രയം. പ്രതിദിനം രണ്ടു ടാങ്കറുകളിലായി പതിനായിരം ലിറ്റർ വെള്ളമാണ് ആശുപത്രിയിൽ കൊണ്ടുവരുന്നത്. എന്നാൽ വേനൽ കടുത്തതോടെ ആവശ്യത്തിനുള്ള വെള്ളം ഇവിടെ കൊണ്ടുവരുന്നില്ല. ഇതോടെയാണ് ജലദൗർലഭ്യം കാരണം രോഗികൾ അടക്കം ബുദ്ധിമുട്ടുന്നതിന് കാരണമായത്. ആശുപത്രി വളപ്പിലെ കിണറിൽ നിന്നു കിട്ടുന്ന വെള്ളം കുറവാണ്. ഇത് രണ്ടു വാർഡുകൾക്ക് മാത്രമേ തികയൂ എന്നതാണ് സ്ഥിതി. നിരവധി ബഹുനില മന്ദിരങ്ങളും അതിലെല്ലാം ഏറെ വാർഡുകളുമുള്ള ഈ ആശുപത്രിയിൽ ആവശ്യത്തിന് വെള്ളം വേണമെങ്കിൽ മറ്റെന്തെങ്കിലും സംവിധാനം ഒരുക്കിയേ മതിയാകൂ. ടാങ്കറിൽ എത്തിക്കുന്ന വെള്ളം ആവശ്യത്തിന് തികയാതെ വന്നതോടെയാണ് ഇപ്പോൾ രോഗികളടക്കം നെട്ടോട്ടമോടുന്നത്. വെള്ളം ഇല്ലാതെ വന്നതോടെ ടോയ്ലറ്റുകൾ ആകെ വൃത്തിഹീനമായ നിലയിലാണ്. അതിനാൽ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത നിലയിലാണ് ജീവനക്കാർ.
രോഗികൾക്ക് മാത്രമല്ല, ആശുപത്രിയിലെ ശസ്ത്രക്രിയ റൂമിലും ലബോറട്ടറി, ഡയാലിസിസ് യൂണിറ്റ് എന്നിവിടങ്ങളിലേക്കും ശുദ്ധജലം ആവശ്യമാണ്. വെള്ളം ഇല്ലാതെവന്നാൽ ഇവയെല്ലാം അടച്ചിടേണ്ടിവരുമെന്നതിനാൽ കിട്ടുന്ന വെള്ളത്തിന്റെ ഏറിയ പങ്കും ഇവിടെയാണ് ഉപയോഗിക്കുന്നത്. ശേഷിക്കുന്ന വെള്ളമാണ് വാർഡുകളിലേക്ക് എത്തിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് വെള്ളം കിട്ടാതെ വന്നതോടെ ലാബിന്റെ പ്രവർത്തനം മുടങ്ങിയിരുന്നു. കാന്റീന്റെ പ്രവർത്തനത്തിനും വെള്ളം കിട്ടാത്ത സ്ഥിതിയാണുള്ളത്.
കണക്ഷൻ എടുക്കാൻ കഴിയുന്നില്ല
ആശുപത്രിയിലേക്ക് വാട്ടർ അതോറിട്ടിയുടെ പൈപ്പ് കണക്ഷൻ എടുക്കാൻ പറ്റാത്തതാണ് നിലവിലെ ജലദൗർലഭ്യത്തിന് കാരണം. പൈപ്പ് കണക്ഷന് വേണ്ടി വർഷങ്ങൾക്ക് മുൻപ് വാട്ടർഅതോറിട്ടിയിൽ നൽകിയ അപേക്ഷയിൽ റോഡ് മുറിച്ച് കണക്ഷൻ നൽകുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് തടസമായത്. തടസം പരിഹരിക്കാൻ വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം നൽകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചിരുന്നു.
വാട്ടർ അതോറിട്ടിയിൽ നിന്നും കൃത്യമായി വെള്ളം എത്താത്തതാണ് ആശുപത്രിയിൽ ജലദൗർലഭ്യം ഉണ്ടാകാൻ കാരണം. ചില ദിവസങ്ങളിൽ സ്വകാര്യ ടാങ്കർ ലോറികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. കൗൺസിലർ ഐ.പി ബിനുവിന്റെ ഫണ്ട് ഉപയോഗിച്ച് പൈപ്പ് ലൈൻ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നഗരസഭയിൽ ആലോചനയുള്ളതായി അറിയുന്നു. ഡോ. സരിത, (സൂപ്രണ്ട്)