തിരുവനന്തപുരം : പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ജനങ്ങളെ ബോധവത്കരിച്ച് നോക്കി, രക്ഷയില്ലെന്ന് കണ്ടതോടെ പിഴചുമത്തി. എന്നിട്ടും പരിഹാരം കണ്ടെത്താത്തതിനെത്തുടർന്ന് നാട്ടുകാരെ ട്രോളി പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന ശുചിത്വ മിഷൻ. ഫേസ്ബുക്കിൽ ട്രോളുണ്ടാക്കി ജനങ്ങളെ മര്യാദ രാമന്മാരാക്കിയ കേരള പൊലീസിന്റെ വഴി പിന്തുടരാനൊരുങ്ങുകയാണ് സംസ്ഥാന ശുചിത്വമിഷനും.
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചാണ് സംസ്ഥാന ശുചിത്വമിഷൻ അധികൃതർ ഫേസ്ബുക്കിലൂടെ ആദ്യ പരീക്ഷണം നടത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി നഗരസഭയും ജില്ലാ ഭരണകൂടവും ആറ്റുകാൽ പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമാക്കിയിരുന്നു. എന്നാൽ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ചങ്കരൻ പിന്നെയും തെങ്ങിൽ തന്നെ എന്ന ചൊല്ലുപോലെ പൊങ്കാല കിറ്റിൽ പ്ലാസ്റ്റിക് തന്റെ സ്ഥാനം നിലനിറുത്തിപ്പോന്നു. അതോടെയാണ് ബോധവത്കരണമൊന്ന് പരിഷ്കരിക്കാൻ ശുചിത്വമിഷൻ അധികൃതരും തീരുമാനിച്ചത്. പൊങ്കാല തുടങ്ങുന്നതിന് ഒരാഴ്ച മുൻപേ ശുചിത്വ മിഷനിലെ ഓൺലൈൻ പിള്ളേർ പണി ആരംഭിച്ചു. പ്ലാസ്റ്റിക്കിനെ ട്രോളി തോല്പിച്ചു. അത് ഫലം കാണുകയും ചെയ്തു. ശുചിത്വമിഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തന്നെയാണ് ട്രോളുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശുചിത്വമിഷന്റെ ട്രോളുകൾക്ക് ആരാധകരും ഏറെയാണ്. പേജ് ആരംഭിച്ചശേഷം കിട്ടാത്ത സ്വീകാര്യതയാണ് ട്രോളുണ്ടാക്കി തുടങ്ങിയശേഷം പേജിന് കിട്ടുന്നതെന്ന് ഫേസ്ബുക്ക് തന്നെ സാക്ഷ്യം.
പൊലീസ് ട്രോളിനടിയിലെത്തുന്ന കമന്റുകൾക്ക് ചുട്ട മറുപടി കൊടുക്കാൻ തക്ക വിധത്തിൽ വളർന്നില്ലെങ്കിലും ശുചിത്വ മിഷന്റെ ട്രോളുകൾ ജനങ്ങളെ ഒരുപോലെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. ശുചിത്വമിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാനും പുതുതലമുറയിലെത്തിക്കാനും ട്രോളുകളിലൂടെ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
‘ പൊലീസുകാർക്ക് പിന്നാലെ ശുചിത്വമിഷൻകാരും നമ്മട കഞ്ഞിയിൽ പാറ്റയിട്വോ...?' ശുചിത്വമിഷൻ ട്രോളടി സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റായതോടെ പ്രൊഫഷണൽ ട്രോളന്മാരുടെ ചങ്കിടിപ്പേറുകയാണ്.