തിരുവനന്തപുരം: പേട്ട പുത്തൻ കോവിൽ ശ്രീ ഭഗവതിക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്നലെ കൊടിയേറി. ഇനി 10 വരെ പേട്ടയും പരിസരവും ഉത്സവത്തിമിർപ്പിലാകും.
ഇന്നലെ രാവിലെ 5.30ന് നിർമ്മാല്യ ദർശനത്തോടെയാണ് ഉത്സവം ആരംഭിച്ചത്. 6ന് ഉഷപൂജയും ദീപാരാധനയും നടന്നു.6.30ന് നടന്ന മഹാഗണപതി ഹോമത്തിൽ നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു. 7ന് മഹാസുദർശനഹോമവും 8ന് വേദജപവും നടത്തി.9 മണിക്കാണ് തൃക്കൊടിയേറ്റ് അരങ്ങേറിയത്. 9.30ന് ഇന്ദിരാ ശ്രികുമാറും സംഘവും നയിച്ച ദേവീമാഹാത്മ്യവും നടന്നു.
10നാണ് തോറ്റംപാട്ട് ആരംഭിച്ചത്. 12ന് സമൂഹസദ്യ്ക്കുശേഷം അടച്ച നടന്ന 5ന് തുറന്നു. സരസ്വതി ഗായകസംഘം നയിച്ച ഭക്തിഗാനാഞ്ജലിയിൽ ക്ഷേത്രവും പരിസരവും ഭക്തിയിൽ ആറാടി.7ന് പേട്ട റെയിൻബോ സ്കൂൾ ഒഫ് ആർട്സിന്റെ നേതൃത്വത്തിൽ നടന്ന ഡാൻസും പുതിയ അനുഭവം സമ്മാനിച്ചു.ശേഷം 8ന് മുളപൂജ, അത്താഴപൂജ, പ്രസന്നപൂജ എന്നിവയ്ക്ക് ശേഷം നടയടച്ചു.ഇന്ന് രാവിലെ 5.30ന് നിർമ്മാല്യ ദർശനം, 6ന് ഉഷഃപൂജ, ദീപാരാധന 6.30ന് മഹാഗണപതിഹോമം, 9ന് കലശപൂജ, നവകം, പഞ്ചഗവ്യപൂജ, പന്തീരടിപൂജ, 10ന് ഉച്ചപൂജയും ശ്രീഭൂതബലിയും ഉച്ചയ്ക്ക് 12ന് സമൂഹ സദ്യയുമുണ്ടായിരിക്കും.
വൈകിട്ട് 5.30ന് ഭജന, 6.45ന് സന്ധ്യാ ദീപാരാധന, 7ന് കഥാപ്രസംഗം, 8.30ന് അത്താഴപൂജ, ശ്രീഭൂതബലി, 9ന് പ്രസന്നപൂജ, ദീപാരാധന എന്നിവ നടക്കും. 9.30ന് നടയടയ്ക്കും.