തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ മാത്രമല്ല, സമീപ മേഖലകളിലെയും ജനങ്ങളുടെ സായാഹ്ന വേളകളിലെ ഒത്തുചേരലിനുള്ള ഇരിപ്പിടമാണ് ശംഖുംമുഖം ബീച്ച്. പഞ്ചാരമണലിൽ കടൽകാറ്റേറ്റ് ഒരല്പനേരം ചെലവഴിക്കാനും ആഹ്ലാദത്തോടെ മക്കൾ ഓടിക്കളിക്കുന്നത് കാണാനും സൗഹൃദ കൂടിക്കാഴ്ചകൾ നടത്താനും പറ്റിയൊരു ഇടം ഇതുപോലെ വേറെയില്ല. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം ... സഞ്ചാരികൾക്ക് വേണമെന്ന് തോന്നിയാലും അധികൃതർ ശ്രദ്ധിക്കാൻ തയ്യാറായില്ലെങ്കിൽ എന്തുചെയ്യും.
നിത്യേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ഈ കടൽ തീരം ഇന്ന് നാശത്തിന്റെ വക്കിലാണ്. രാജഭരണത്തിന്റെ തിരുശേഷിപ്പുകളായി തലയുയർത്തി നിൽക്കുന്ന കൽമണ്ഡപങ്ങൾ, കൊട്ടാരം, ആറാട്ടുകുളം തുടങ്ങി സഞ്ചാരികളുടെ മനം കവർന്ന ചരിത്ര സ്മാരകങ്ങൾ ഇവയെല്ലാം അധികൃതരുടെ അനാസ്ഥ കാരണം നാശത്തിന്റെ വക്കിലാണ്.
കഴിഞ്ഞ വർഷത്തെ കടലാക്രമണത്തിൽ തകർന്നുപോയ റോഡും നടപ്പാതയും പുനർനിർമ്മിക്കാൻ ഇതുവരെയും അധികൃതർ തയ്യാറായില്ല. കടലിന്റെ തിരയടിയും അസ്തമയ സൂര്യന്റെ ചെങ്കതിർ സൗന്ദര്യവും കണ്ടാസ്വദിക്കുന്നതിനായി തയ്യാറാക്കിയിരുന്ന ഇരിപ്പിടങ്ങളും തകർന്നുപോയിരുന്നു. രാജപ്രതാപത്തിന്റെ ചരിത്ര ശോഭ പേറുന്ന കടപ്പുറം ഇപ്പോഴും നാശത്തിന്റെ തനിയാവർത്തനമായി വിലപിക്കുകയാണ്.
പാർക്കിംഗ് ഫീസ് ഇനത്തിൽ മാത്രം ലക്ഷങ്ങളുടെ വരുമാനമാണ് ബീച്ചിൽ നിന്നു ഡി.ടി.പി.സിക്ക് ലഭിക്കുന്നത്. എന്നാൽ ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ഇപ്പോഴും അധികൃതർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പലപ്പോഴും സർക്കാരും നഗരസഭയും വികസനത്തിനായി പദ്ധതികൾ ആവിഷ്കരിക്കാറുണ്ടെങ്കിലും അതൊന്നും ഒരൊറ്റ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലല്ല നിർവഹിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
ഓരോ വകുപ്പും അവരുടെ ഇഷ്ടത്തിനനുസരിച്ച് പദ്ധതികൾ തയ്യാറാക്കുന്നതാണ് കണ്ടുവരുന്നത്. ഇതെല്ലാം ഒരു മാസ്റ്റർപ്ലാനിന്റെ കീഴിൽ നടത്തിയാൽ മികവുറ്റ വിനോദ സഞ്ചാരകേന്ദ്രമാകുമെന്നാണ് സഞ്ചാരികൾ പറയുന്നത്.
സുനാമി പുനരധിവാസ ഫണ്ടിൽ നിന്നു 2.37 കോടി ചെലവാക്കി ബീച്ചിന് സമീപത്തായി നിർമ്മിച്ച പാർക്ക് പുല്ലും പടർപ്പുകളും കയറി നാശോന്മുഖമാണ്. 2010 ലാണ് പാർക്ക് സർക്കാർ ഡി.ടി.പി.സിക്ക് കൈമാറിയത്. എന്നാൽ സംരക്ഷിക്കാത്തത് കാരണം പാർക്കിലെ ബെഞ്ചും കെട്ടിടങ്ങളും പൊളിഞ്ഞിളകി നശിക്കുകയാണ്. അധികൃതർ മറന്നുപോയാലും സഞ്ചാരികളുടെ മനസിൽ ശോഭകെടാതെ തുടരുകയാണ് ശംഖുംമുഖം ഇപ്പോഴും. കാനായിയുടെ മത്സ്യകന്യകയും കൽമണ്ഡപങ്ങളും കാഴ്ചക്കാരുടെ ഓർമ്മകളിൽ ഒരിക്കലും മായാത്ത അപൂർവ ദൃശ്യങ്ങളായി തെളിഞ്ഞു നിൽക്കുന്നു. ആകർഷണീയത നിറഞ്ഞ ഈ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ബാലാരിഷ്ടത മാറ്റാൻ അധികൃതർ കനിയണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത് .