തിരുവനന്തപുരം: അനധികൃതവും അപകടകരവുമായി പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ സ്ഥാപിച്ചവരിൽ നിന്ന് പിഴയായി നഗരസഭ ഈമാസം 26 വരെ ഈടാക്കിയത് 6.66 ലക്ഷം രൂപ. കൊച്ചി (90,000 രൂപ), കോഴിക്കോട് (24,000 രൂപ) നഗരസഭകളെക്കാൾ വളരെക്കൂടുതലാണിത്. തലസ്ഥാനത്ത് അനധികൃത ബോർഡുകളും ബാനറുകളും സൃഷ്ടിക്കുന്ന വിപത്തിന്റെ സൂചനയാണ് തുകയിലെ ഈ അന്തരം.
അനധികൃത പരസ്യ ബോർഡുകൾ മാറ്റുന്നതിന് നോട്ടീസ് ലഭിച്ചവരിൽ നിന്ന് പിഴയും ബോർഡ് നീക്കം ചെയ്യുന്നതിന് ചെലവായ തുകയും നഗരസഭ ഈടാക്കിയിട്ടുണ്ട്. പിഴ അടയ്ക്കാത്തവർക്കെതിരെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കും. ഏതാണ്ട് 6500 പരസ്യബോർഡുകളാണ് നീക്കംചെയ്തത്. ഇതിനകം സംസ്ഥാനത്താകെ മൂന്ന് ലക്ഷത്തോളം ബോർഡുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വന്തംനിലയിൽ നീക്കിയിട്ടുണ്ട്. ബോർഡിന്റെയും ബാനറുകളുടെയും വലിപ്പം അനുസരിച്ചാണ് പിഴത്തുക.
നഗരസഭയ്ക്ക് തത്രപ്പാട്
ബോർഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിനായി ഇറങ്ങിത്തിരിച്ച നഗരസഭയ്ക്ക് തിരിച്ചടികളാണുണ്ടാകുന്നത്. ഈ പ്രശ്നങ്ങൾക്കിടയിലും സെക്രട്ടേറിയറ്റിനു മുൻവശത്തടക്കം പ്രധാന സ്ഥലങ്ങളിലെല്ലാം ബോർഡുകൾ വീണ്ടും നിറയുന്ന സ്ഥിതിയാണ്. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ മാറ്റുമ്പോൾ എതിർപ്പുകളും നേരിടേണ്ടി വരുന്നതാണ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന വെല്ലുവിളി. റവന്യൂ ഇൻസ്പെക്ടർമാർക്ക് അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സമയം കിട്ടാത്തതും വലിയൊരു പ്രശ്നമാണ്. ബോർഡുകൾ നീക്കം ചെയ്യാനായി രണ്ട് സ്ക്വാഡുകളാണ് നഗരസഭയിൽ. ബോർഡുകൾ നീക്കം ചെയ്യുന്നതിൽ വീഴ്ച വന്നാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നതിനാൽ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് നഗരസഭാ സെക്രട്ടറി കർശന നിർദ്ദേശം നൽകി.
അനുമതിയോടെ സ്ഥാപിക്കാം
മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ബോർഡുകൾ സ്ഥാപിക്കാം. ഇതിനായി നഗരസഭ പ്രത്യേകം ഫീസ് ഈടാക്കും. നിശ്ചിത സമയപരിധിക്ക് ശേഷം സ്ഥാപിച്ചവർ തന്നെ ബോർഡുകൾ നീക്കം ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. നിശ്ചിതദിവസം കഴിഞ്ഞാൽ അവരവർ തന്നെ ബോർഡുകൾ നീക്കം ചെയ്യണം. ഇല്ലെങ്കിൽ പിഴയീടാക്കി തദ്ദേശസ്ഥാപനങ്ങൾ നീക്കണം. മറ്റൊരാളുടെ ബോർഡുകൾ മറയ്ക്കുന്ന തരത്തിലോ, മതവികാരം വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങൾ പോലുള്ളവ ചിത്രീകരിക്കുന്ന ബോർഡുകളും സ്ഥാപിക്കുന്നതിന് അനുമതി നൽകില്ല. വൈദ്യുത തൂണുകളിൽ ബോർഡുകൾ കെട്ടുന്നത് നിരോധിച്ചിട്ടുണ്ട്. കൊടികളും തോരണങ്ങളും ഫ്ളക്സ് അല്ലാത്ത ബോർഡുകളും നിശ്ചിതകാലത്തേക്ക് സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ചാർജ് ഈടാക്കി അനുമതി നൽകും. ഈ ഉത്തരവുകൾ നിലവിലുണ്ടെങ്കിലും നഗരങ്ങളിൽ അനധികൃത ബോർഡുകളും ബാനറുകളും വീണ്ടും സ്ഥാപിക്കുന്നുണ്ടെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് വാസുദേവന്റെ റിപ്പോർട്ടിൽ പറയുന്നു.
ബോർഡുകൾ നശിപ്പിക്കും
നീക്കം ചെയ്യുന്ന ബോർഡുകളും ഫ്ളക്സുകളും നഗരസഭ തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവയെ റീസൈക്കിൾ ചെയ്ത് ഗ്രോബാഗുകൾ അടക്കമുള്ളവയും നിർമ്മിക്കുന്നുണ്ട്. സംസ്കരിക്കാൻ കഴിയാത്തവ ചെന്നൈയിലെ ഒരു കമ്പനിയിലേക്ക് കയറ്റി അയയ്ക്കുകയാണ്.