ബിജു മേനോനെ നായകനാക്കി ലാൽ ജോസ ്സംവിധാനം ചെയ്യുന്ന ചിത്രത്തിന് നാല്പത്തിയൊന്ന് എന്ന് പേരിട്ടു. തിങ്കളാഴ്ച തലശേരിയിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ നിമിഷാ സജയനാണ് നായിക.
ലാൽജോസ് ചിത്രത്തിൽ നിമിഷാ സജയനും ബിജുമേനോനും നായികാ നായകന്മാരാകുന്ന വാർത്ത സിറ്റി കൗമുദിയാണ് ആദ്യംപ്രസിദ്ധീകരിച്ചത്. കണ്ണൂരിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന നാല്പത്തിയൊന്നിൽ ഉല്ലാസ് മാഷ് എന്ന കഥാപാത്രത്തെയാണ്ബിജുമേനോൻ അവതരിപ്പിക്കുന്നത്.
ഇന്ദ്രൻസും സുരേഷ് കൃഷ്ണയുമാണ് മറ്റ് പ്രധാന താരങ്ങൾ. സുരേഷ് കൃഷ്ണ ആദ്യമായാണ് ലാൽ ജോസ് ചിത്രത്തിൽ അഭിനയിക്കുന്നത്. അമച്വർ നാടക പ്രവർത്തകരും കണ്ണൂരിലെ തനത് കലാകാരന്മാരുൾപ്പെടെ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
നവാഗതനായ പ്രഗീഷ്. പി.ജി. യാണ് നാല്പത്തിയൊന്നിന്റെ രചന നിർവഹിക്കുന്നത്. എസ്. കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ഈണമിടുന്നു.
എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, കലാസംവിധാനം : അജയൻ മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ : അനിൽ അങ്കമാലി, മേയ്ക്കപ്പ് : പാണ്ഡ്യൻ. കോസ്റ്റ്യൂം ഡിസൈനർ : സമീറാ സനീഷ്. ഒറ്റഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാകുന്ന നാല്പത്തിയൊന്ന് എൽ.ജെ.ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.