വാക്കിലും പ്രവൃത്തിയിലും വിട്ടുവീഴ്ച കാട്ടാത്തതാണ് മന്ത്രി ജി.സുധാകരന്റെ രീതി. താറുമാറായി കിടന്ന കേരളത്തിലെ നിരത്തുകളുടെ മുഖച്ഛായ ഏറെക്കുറെ മെച്ചമാക്കാൻ കഴിഞ്ഞത് ഈ നിശ്ചയദാർഢ്യമാണ്. ഉദ്യോഗസ്ഥരോടായാലും കരാറുകാരോടായാലും ചെയ്യുന്ന പ്രവൃത്തികളുടെ കാര്യത്തിൽ തെല്ലും സന്ധിചെയ്യാൻ അദ്ദേഹം തയ്യാറായിട്ടില്ല.
പ്രളയംപോലൊരു കടുത്ത ദുരന്തം പിച്ചിചീന്തിയ കേരളത്തിലെ നിരത്തുകളെ പഴയ സ്ഥിതിയിലേക്ക് എത്തിക്കുക കടുത്ത വെല്ലുവിളിയായിരുന്നു. കുലുങ്ങാത്ത കപ്പിത്താനെപോലെ നിന്നാണ് അദ്ദേഹം ഈ പ്രതിസന്ധിയെ നേരിട്ടത്. ജി. സുധാകരൻ 'കേരള കൗമുദി"യോട് സംസാരിച്ചപ്പോൾ.
ആയിരം ദിവസങ്ങളിലെ പൊതുമരാമത്ത് , രജിസ്ട്രേഷൻ വകുപ്പുകളുടെ പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു ?
പ്രളയത്തിൽ തകർന്ന 7956 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് ഭരണാനുമതി നൽകി. അതിൽ 4429 കിലോമീറ്റർ അറ്റകുറ്റപ്പണിപൂർത്തിയാക്കി ഗതാഗതയോഗ്യമാക്കി. 127 പാലങ്ങളും 656 കലുങ്കുകളും ഉൾപ്പെടെ പുനർനിർമ്മിച്ചു. പ്രളയാനന്തരം 3133 കോടിയുടെ പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയത്. 'പുതിയകാലം പുതിയ നിർമ്മാണം"എന്ന മുദ്രാവാക്യം കൈമുതലാക്കി രണ്ടര വർഷത്തിനുള്ളിൽ വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവരാനായി. ഒരു ചീഫ് എൻജിനിയർ ഉൾപ്പെടെ 70 ഓളം എൻജിനിയർമാരെ വിവിധ കാരണങ്ങൾക്ക് സസ്പെൻഡ് ചെയ്തതിലൂടെ വകുപ്പിൽ തിരുത്തൽ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചു. അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ സജ്ജരാക്കി. പുത്തൻ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്താൻ ആരംഭിച്ച എൻജിനിയേഴ്സ് കോൺഗ്രസ് ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമായിരുന്നു. കിഫ്ബി മുഖാന്തരം നടപ്പാക്കാനുദ്ദേശിക്കുന്ന 40,000 കോടിയുടെ പദ്ധതികളിൽ 17,000 കോടിയുടെ പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കൊല്ലം ബൈപാസ് പൂർത്തീകരിച്ചു. ആലപ്പുഴ ബൈപാസ് പൂർത്തീകരണ ഘട്ടത്തിലാണ്.
സാമ്പത്തിക പരിമിതി നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ ?
സാമ്പത്തിക പരിമിതികൾ ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിന് യാതൊരു മുടക്കവും വരാത്തവിധത്തിൽ നിർമ്മാണജോലികൾ ഏറ്റെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിന് മാത്രം 3133 കോടിയുടെ ഭരണാനുമതി നൽകി. പ്രളയാനന്തര പുനർനിർമ്മാണത്തോടൊപ്പം നവകേരള സൃഷ്ടിക്ക് ആവിഷ്കരിച്ച വികസന പദ്ധതികൾ ഏറ്റെടുത്ത് മുന്നോട്ടുപോകാനും പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. കൂടാതെ പശ്ചാത്തല വികസനത്തിന് കിഫ്ബി വഴിയുള്ള ഫണ്ടും ലഭിക്കുന്നു.
നിർമ്മാണ രംഗത്തെ പ്രധാന തടസമെന്ത് ?
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് നിർമ്മാണരംഗത്ത് ചില തടസങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും അതിനെ മറികടന്ന് മുന്നോട്ടുപോകാൻ ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിലവിലുള്ള അസംസ്കൃത വസ്തുക്കൾ തന്നെ വീണ്ടും ഉപയോഗിക്കുന്ന രീതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. ഈ രീതി വിപുലമാക്കി നിർമ്മാണ സാമഗ്രികളുടെ ഉപയോഗം വലിയ ശതമാനം കുറയ്ക്കുന്നതിനുള്ള ശ്രമവും നടത്തുന്നു
.
ആധുനിക സാങ്കേതിക വിദ്യ എത്രത്തോളം പ്രയോജനപ്പെടുത്തുന്നുണ്ട് ?
പരമ്പരാഗത നിർമ്മാണ രീതികളിൽ നിന്ന് വ്യതിചലിച്ച് പ്രകൃതി സൗഹൃദപരവും നവീന സാങ്കേതിക വിദ്യയുടെ പ്രയോജനവും ഉൾപ്പെടുത്തിയുള്ള നിർമ്മാണരീതി അവലംബിച്ചതു മൂലം ചുരുങ്ങിയ കാലയളവിൽ തന്നെ വലിയ നേട്ടങ്ങൾ കൈവരിക്കാനായി. ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം ഉപയോഗിച്ചു പോന്നിരുന്ന കോൾഡ് ഇൻസൈറ്റ് റീസൈക്ളിംഗ് സാങ്കേതിക വിദ്യ ജർമ്മൻ നിർമ്മിത യന്ത്രങ്ങളുടെ സഹായത്തോടുകൂടി ആലപ്പുഴ ജില്ലയിലെ പുറക്കാട് - പാതിരപ്പള്ളി റോഡിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചതും അമ്പലപ്പുഴ-തിരുവല്ല പാതയുടെ നിർമ്മാണത്തിന് കയർ ജിയോടെക്സ്റ്റൈലും നാച്വറൽ റബർ മിക്സ്ബിറ്റുമിനും ഉപയോഗപ്പെടുത്തി മാതൃകാ റോഡായി പണിതതും ഈ രംഗത്തെ പുതിയ കാൽവയ്പ്പുകളാണ്. ഉപയോഗശൂന്യമായ പ്ളാസ്റ്റിക്കിന്റെ ഉപയോഗം തിരുവനന്തപുരം ജില്ലയിലെ പെരിങ്കടവിള - മാരായമുട്ടം- പാലിയോട് റോഡ് നിർമ്മാണത്തിൽ വിജയകരമായി പരീക്ഷിച്ചതും ഈ കാലയളവിലാണ്. പ്രധാന റോഡു പ്രവൃത്തികളിൽ പ്ളാസ്റ്റിക്/സ്വാഭാവിക റബർ ഉൾപ്പെടുത്തിയ ടാർ എന്നിവ നിർബന്ധമായും ഉപയോഗിക്കുന്നുണ്ട്. സ്വാഭാവിക റബർ ചേർത്ത ടാറിന്റെ ലഭ്യതക്കുറവ് ഒരു പ്രശ്നമാണ്.
റെയിൽവേയുമായി ബന്ധപ്പെട്ടു നടത്തിയ വികസന പ്രവർത്തനങ്ങൾ ?
സർക്കാർ അധികാരത്തിൽ വന്ന ശേഷം കേരള സർക്കാരും കേന്ദ്രസർക്കാരും 51:49 ഓഹരി പങ്കാളിത്തത്തിൽ ഒരു സംയുക്ത സംരംഭക കമ്പനി കേരള റെയിൽ ഡെവലപ്മെന്റ് ലിമിറ്റഡ് എന്ന പേരിൽ രൂപീകരിച്ച് രജിസ്റ്റർ ചെയ്ത് പ്രവർത്തനം നടത്തിവരുന്നു. ഈ കമ്പനിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ അടിസ്ഥാന റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികൾ മുന്നോട്ടു വച്ചിട്ടുണ്ട്. തിരുവനന്തപുരം -കാസർകോട് 3,4 ബ്രോഡ്ഗേജ് ലൈനുകളുടെ നിർമ്മാണത്തിന് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. വിശദമായ ഡി.പി.ആർ തയ്യാറാക്കി വരുന്നു.
കേന്ദ്രത്തിൽ നിന്നുള്ള സമീപനം എങ്ങനെ?
വികസന കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ 140 മണ്ഡലങ്ങളെയും ഒരുപോലെ കണ്ടുകൊണ്ടുള്ള വികസനനയമാണ് സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും സ്വീകരിച്ചിട്ടുള്ളത്. കാസർകോട് മുതൽ കളിയിക്കാവിള വരെയുള്ള ദേശീയപാത-66, നാല്പത്തിയഞ്ച് മീറ്ററിൽ വികസിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ ദീർഘമായ കാലതാമസം ഉണ്ടാവുന്നു. കാസർകോട് ജില്ലയിൽ ദേശീയപാതയുടെ രണ്ട് റീച്ചുകൾക്ക് സ്ഥലം ഏറ്റെടുത്ത് നൽകിയിട്ട് 10 മാസം കഴിഞ്ഞിട്ടും ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടില്ല.
ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തേണ്ട ജില്ലകളിലെ 3(എ) നോട്ടിഫിക്കേഷൻ വിജ്ഞാപനം ചെയ്ത് ഒരു വർഷം തികഞ്ഞിട്ടും സർവെ നടത്തി കല്ലിടീൽ പൂർത്തിയാക്കാനും ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ വേണ്ടത്ര സഹകരണം കാട്ടിയിട്ടില്ല.
എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സെൻട്രൽ റോഡ് ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് അനുഭാവപൂർണമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് പ്രവൃത്തികൾക്ക് ഫണ്ട് നൽകുന്നതിൽ നബാർഡും വളരെ അനുകൂലമായ സമീപനത്തിലാണ്.
രജിസ്ട്രേഷൻ വകുപ്പിൽ നടപ്പാക്കിയ പ്രധാന പരിഷ്കാരങ്ങൾ?
'പുതിയകാലം പുതിയ സേവനം" എന്ന മുദ്രാവാക്യം മുൻനിറുത്തി പുതിയ സേവനങ്ങൾ ഏർപ്പെടുത്തി. ഓഫീസുകൾ അഴിമതിരഹിതമാക്കുന്നതിന്റെ ഭാഗമായി സബ് രജിസ്ട്രാർ ഓഫീസുകളിലെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കുള്ള ഫീസുകൾ ഇ-പെയ്മെന്റ് വഴിയാക്കി. വ്യാജ മുദ്രപ്പത്രങ്ങൾ തടയാൻ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ളവ ഇലക്ട്രോണിക് രൂപത്തിൽ തയ്യാറാക്കാൻ ഇ-സ്റ്രാമ്പിംഗ് പദ്ധതി നടപ്പാക്കി. ഒരു ലക്ഷത്തിൽ താഴെയുള്ള സ്റ്റാമ്പുകളും ഇ -സ്റ്റാമ്പിംഗിലൂടെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കുള്ള സേവനം മെച്ചമാക്കാൻ ഓഫീസുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടണം. 315 സബ് രജിസ്ട്രാർ ഓഫീസുകളിൽ 107 എണ്ണം വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 53 കെട്ടിടങ്ങൾ നിലവിലുണ്ട്. ഇവ പുതുക്കിപ്പണിയാനും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നവയ്ക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാനും തീരുമാനിച്ചു. 48 സബ് രജിസ്ട്രാർ ഓഫീസുകൾക്കും മൂന്ന് രജിസ്ട്രേഷൻ കോംപ്ളെക്സുകൾക്കും നിർമ്മാണത്തിന് 84.5 കോടിയുടെ ഭരണാനുമതി നൽകി. 24 സബ് രജിസ്ട്രാർ ഓഫീസുകളുടെ അറ്റകുറ്റപണികൾക്ക് 2.45 കോടി അനുവദിച്ചു.
രേഖകളുടെ ഡിജിറ്റൈസേഷന് സഹായകമാവും വിധത്തിൽ ആധാരങ്ങളുടെ ശരിപ്പകർപ്പ് ഫയൽ ചെയ്യുന്ന ഫയലിംഗ് ഷീറ്റുകളുടെ വലിപ്പം എ3 യിൽ നിന്ന് എ4 ആക്കി മാറ്റി. 10,000 ത്തോളം ആധാരമെഴുത്ത് ലൈസൻസികൾക്ക് തിരിച്ചറിയൽ കാർഡ് നൽകി. ഇനി അപേക്ഷിക്കുന്നവർക്കും കാർഡുകൾ നൽകും. ഒൻപത് വർഷമായി മുടങ്ങിക്കിടന്ന ആധാരമെഴുത്ത് ലൈസൻസ് പരീക്ഷ നടത്തി. പരീക്ഷ ജയിച്ച 1600 പേർക്ക് ലൈസൻസ് നൽകി. മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളിലെയും രേഖകൾ ഡിജിറ്റലൈസ് ചെയ്യാനും തീരുമാനിച്ചു.