സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നയൻ താരയ്ക്കൊപ്പം കീർത്തി സുരേഷും നായികയാകുന്നു. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ .ആർ. മുരുഗദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായിട്ടാണ് ഒരു രജനി ചിത്രത്തിൽ കീർത്തി അഭിനയിക്കുന്നത്. ഇരട്ട വേഷത്തിലാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരാൾ പൊലീസ് ഓഫീസറും രണ്ടാമത്തെയാൾ സാമൂഹ്യ പ്രവർത്തകനുമാണ്. ചന്ദ്രമുഖി, ശിവാജി , കുസേലൻ തുടങ്ങിയ ചിത്രങ്ങളിൽ രജനിക്കൊപ്പം നയൻതാര അഭിനയിച്ചിട്ടുണ്ട്.
ചിത്രം ഒരു പക്കാ എന്റർടെയ്നർ ആയിരിക്കുമെന്നാണ് സംവിധായകൻ മുരുഗദോസ് ചിത്രത്തെക്കുറിച്ചു പറയുന്നത്. വിജയ് നായകനായ സർക്കാർ ആയിരുന്നു മുരുഗദോസിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ വിജയ് യുടെ നായികയായി എത്തിയത് കീർത്തി സുരേഷാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് കീർത്തി ഇപ്പോൾ അഭിനയിക്കുന്നത്.