ദുൽഖർ സൽമാന്റെ ഒരു യമണ്ടൻ പ്രേമകഥ ഏപ്രിൽ 25ന് തിയേറ്ററുകളിലെത്തും. നേരത്തെ ഏപ്രിൽ അഞ്ചിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
സോളോയാണ് ഒടുവിൽ റിലീസ് ചെയ്ത ദുൽഖറിന്റെ മലയാള ചിത്രം. ഒന്നരവർഷത്തിനുശേഷമാണ് ദുൽഖറിന്റെ മറ്റൊരു മലയാള ചിത്രം തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞവർഷം തെലുങ്ക് ചിത്രമായ മഹാനടിയും ഹിന്ദി ചിത്രമായ കാർവായുമാണ് ദുൽഖറിന്റേതായി തിയേറ്ററുകളിൽ എത്തിയത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിച്ച് വിതരണം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥ സംവിധാനം ചെയ്യുന്നത് നവാഗതനായ ബി.സി. നൗഫലാണ്.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിൽ ഇരുവരും അഭിനയിക്കുന്നുമുണ്ട്. സലിംകുമാർ, ധർമ്മജൻ ബോൾഗാട്ടി, സൗബിൻ ഷാഹിർ, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിഖില വിമലും സംയുക്താമേനോനുമാണ് നായികമാർ. പി. സുകുമാറാണ് ഒരു യമണ്ടൻ പ്രേമകഥയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നാദിർഷയാണ് സംഗീത സംവിധായകൻ.