പൂഞ്ച്: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. വെടിനിർത്തൽ കരാർ ലംഘിച്ച് പൂഞ്ചിൽ പാക് സേന നടത്തിയ വെടിവയ്പ്പിൽ അമ്മയും കുഞ്ഞുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. റുബാന കൗസർ ഇവരുടെ മക്കളായ ഫസാൻ, ഒമ്പതുമാസം പ്രായമുള്ള മകൾ ഷബ്‌നം എന്നിവരാണ് കൊല്ലപ്പെട്ടത്.
പൂഞ്ച്, രജൗരി എന്നിവിടങ്ങളിലാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇതിന് പിന്നാലെ അതിർത്തിയിൽ രക്ഷാസേന ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പലതവണയായാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. മെന്ദർ, ബാലാക്കോട്ട്, കൃഷ്ണഗാട്ടി മേഖലകളിൽ പാകിസ്ഥാൻ നേരത്തെ വെടിനിർത്തിൽ കരാർ ലംഘിച്ചിരുന്നു.
അതേസമയം, കുപ് വാരയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് സി.ആർ.പി.എഫ് ജവാന്മാർ, രണ്ട് പൊലീസുകാർ, ഒരു സിവിലിയൻ എന്നിവർക്ക് പരിക്കുണ്ട്. ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതോടെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തുന്നുണ്ട്. മോർട്ടാറും ഹൊവിറ്റ്‌സർ പീരങ്കി ഉപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തുന്നതെന്ന് സൈനികവൃത്തങ്ങൾ പറയുന്നു.