abhinandan-modi

ന്യൂഡൽഹി: യുദ്ധ തടവുകാരനെ പെട്ടെന്ന് മോചിപ്പിച്ച് നയതന്ത്ര മര്യാദ കാട്ടുകയും തെളിവു നൽകിയാൽ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെതിരെ നടപടിയാകാമെന്ന് വ്യക്തമാക്കുകയും ചെയ്ത് പുൽവാമാ ആക്രമണത്തിൽ ഇന്ത്യയുടെ രോഷം തണുപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്. ഇന്ത്യ പാക് ചർച്ചയ്ക്ക് അമേരിക്കയും സൗദിയും നടത്തുന്ന സമവായ ശ്രമങ്ങളും ചേർന്നപ്പോൾ പന്ത് കേന്ദ്ര സർക്കാരിന്റെ കോർട്ടിലെത്തി. ഇന്ത്യയ്ക്ക് 40 ജവാൻമാരുടെ ജീവൻ പൊലിഞ്ഞ ഭീകരാക്രമണ മുറിവിലെ വേദന പെട്ടെന്ന് മാറുന്നതല്ല. അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രത്തിന്റെ അടുത്ത നീക്കം നിർണായകമാണ്.

ബലാകോട്ട് ആക്രമണവും തുടർന്നുള്ള പാക് വ്യോമാക്രമണവും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ അഭിനന്ദന്റെ മോചനമായിരുന്നു ഇരുരാജ്യങ്ങൾക്കിടയിലെ ചർച്ച. അഭിനന്ദനിലേക്ക് കാര്യങ്ങൾ കേന്ദ്രീകരിച്ചത് പാകിസ്ഥാന് നേട്ടമാണ്. മൂർച്ഛിക്കുമായിരുന്ന സംഘർഷം ലഘൂകരിക്കാനും യു.എസ്, സൗദി തുടങ്ങിയ രാജ്യങ്ങളെ മദ്ധ്യസ്ഥരായി കൊണ്ടുവരാനും അവർക്കു കഴിഞ്ഞു. ബലാകോട്ട് ആക്രമണം വൻ നേട്ടമായി ഉയർത്തിക്കാട്ടിയ കേന്ദ്രസർക്കാർ പ്രതീക്ഷിച്ച കാര്യങ്ങളല്ല തുടർന്നുണ്ടായത്.


അഭിനന്ദനെ കൈമാറിയതു കൊണ്ടു മാത്രം പുൽവാമ ഭീകരാക്രമണത്തിന് മാപ്പു നൽകില്ലെന്ന സന്ദേശമാകും ഇന്ത്യ ഇനി നൽകുക. അഭിനന്ദനെ തിരികെ ഏൽപ്പിച്ചെങ്കിലും പാകിസ്ഥാൻ കാശ്മീർ അതിർത്തിയിൽ പ്രകോപനം തുടരുന്നതും അബുദാബിയിൽ ഇസ്ളാമിക് രാജ്യങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാക് വിദേശമന്ത്രി ചടങ്ങ് ബഹിഷ്‌കരിച്ചതും സാഹചര്യങ്ങൾ മാറിയില്ലെന്ന സൂചനയാണ് നൽകുന്നത്. അഭിനന്ദനെ കൈമാറാനുള്ള ഇമ്രാൻഖാൻ സർക്കാരിന്റെ തീരുമാനവും സൈന്യത്തിന്റെ സമ്മതത്തോടെയാകുമെന്ന് ഉറപ്പില്ല. സർക്കാർ ഏകപക്ഷീയമായി തീരുമാനിച്ചതാണെങ്കിൽ സൈന്യം നിരാശ തീർക്കാൻ അതിർത്തിയിൽ പ്രകോപനം തുടർന്നേക്കാം. കൂടുതൽ തിരിച്ചടിക്ക് ഇന്ത്യയെ നിർബന്ധിതമാക്കുന്ന സാഹചര്യമാണത്.

അന്താരാഷ്ട്ര നയതന്ത്ര സമ്മർദ്ദം ഇന്ത്യയ്ക്ക് അവഗണിക്കാനാവില്ല. അതിനാൽ ജെയ്‌ഷെ മുഹമ്മദിനെ ബന്ധപ്പെടുത്തി പാക്മണ്ണിൽ ഭീകരസംഘടനകൾക്ക് അഭയവും സഹായവും ലഭിക്കുന്നത് തുറന്നുകാട്ടാൻ ഇന്ത്യ തുടർന്നും ശ്രമിക്കും. മസൂദ് അസറിനെ ലോകഭീകരനായി പ്രഖ്യാപിച്ചാൽ ഇന്ത്യയ്ക്ക് നേട്ടമാകും. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻതൂക്കം നൽകും.