kollam

കൊല്ലം: കൊല്ലത്ത് പ്ലസ്ടു വിദ്യാർത്ഥിയെ ആളുമാറി മർദിച്ച് കൊന്ന സംഭവത്തിൽ പ്രതിയായ ജയിൽ വാർഡൻ വിനീതിനെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ജയിൽ ഡി.ജി.പിയാണ് വിനീതിനെ സസ്‌പെന്റ് ചെയ്തത്. കൊല്ലം ജില്ലാ ജയിലിലെ വാർഡനായിരുന്നു വിനീത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ,​ പൊലീസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ അച്ഛൻ രംഗത്തെത്തി. മകന് മർദ്ദനമേറ്റെന്ന പരാതി ഒത്തു തീർക്കാൻ തെക്കുംഭാഗം പൊലീസ് ശ്രമിച്ചുവെന്ന് രഞ്ജിത്തിന്റെ അച്ഛൻ രാധാകൃഷ്ണൻ വ്യക്തമാക്കി. ചവറ തെക്കും ഭാഗം പൊലീസ് സ്റ്റേഷനിലാണ് ഒത്തു തീർപ്പ് ചർച്ചയ്ക്ക് വിളിച്ചത്. എന്നാൽ രഞ്ജിത്തിന്റെ കുടുംബം ചർച്ചയിൽ പങ്കെടുത്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംഘം ആൾക്കാർ വീട്ടിലെത്തി ആക്രമണം നടത്തിയ വിവരം പൊലീസിൽ അറിയിച്ചിട്ടും അന്വേഷണത്തിന് തയ്യാറായില്ലെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി.

വീട്ടിൽ പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ(18)​ ആക്രമി സംഘം വീട്ടിൽ നിന്ന് പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. പ്രതി വിനീതിന്റെ ബന്ധുവായ പെൺകുട്ടിയെ രഞ്ജിത്ത് ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ പെൺകുട്ടിയെ തനിക്കറിയില്ലെന്ന് രഞ്ജിത്ത് പല തവണ പറഞ്ഞെങ്കിലും ആക്രമികൾ കേൾക്കാൻ തയ്യാറായിരുന്നില്ല.

പുതിയ ഫോണിലേക്ക് മാറുമ്പോൾ വാട്സാപ്പ് ചാറ്റുകൾ എങ്ങനെ നഷ്ടപ്പെടാതെ നോക്കാം,​ ഇതാ ചില വഴികൾ

മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ രഞ്ജിത്തിനെ തിരവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രഞ്ജിത്ത് തലയ്ക്ക് അടിയേറ്റുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.