wife-of-chopper-pilot

ഛണ്ഡീഗഢ്: കാശ്‌മീരിലെ ഹെലികോപ്ടർ തകർന്ന് മരിച്ച വ്യോമസേനാ പൈലറ്റും സ്‌ക്വാഡ്രൺ ലീഡറുമായ സിദ്ധാർത്ഥ് വശിഷ്ടിന് രാജ്യത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഭർത്താവിന്റെ മൃതദേഹത്തിന് മുന്നിൽ ഭാര്യയും സഹപ്രവർത്തകയുമായ സ്‌ക്വാഡ്രണ്‍ ലീഡർ ആരതി സിംഗ് ഒട്ടും പതറാതെയാണ് നിന്നത്. കരച്ചിൽ അടക്കിപ്പിടിച്ച് സധെെര്യത്തോടെ സിദ്ധാർത്ഥ് വശിഷ്ടിന്റെ ഭൗതിക ശരീരത്തിന് മുന്നിൽ നിൽക്കുന്ന ആരതി സിംഗിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ആരതി സിംഗിനൊപ്പം സൈനിക ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. ഇന്ത്യ- പാക് സംഘർഷത്തിനിടെ കാശ്‌മീരിലെ ബദ്ഗാമിൽ തകർന്നുവീണ എം.ഐ-17 വി-5 ഹെലികോപ്ടറിന്റെ പ്രധാന പൈലറ്റായിരുന്നു വശിഷ്ട്. കഴിഞ്ഞ ആഗസ്റ്റിൽ കേരളത്തിലെ മഹാപ്രളയത്തിലകപ്പെട്ട നിരവധി പേരെ സുരക്ഷിതമായി എയർലിഫ്‌റ്റ് ചെയ്‌തതിന് സംസ്ഥാന സർക്കാരിന്റെയും വ്യോമസേനയുടെയും ആദരവ് ഏറ്റുവാങ്ങിയിരുന്നു.

ഫൈറ്റർ പൈലറ്റ് ആയിരുന്ന അമ്മാവൻ വിനീത് ഭരദ്വാജിനെ പിന്തുടർന്നാണ് വശിഷ്‌ഠ് 2010- ൽ വ്യോമസേനയിൽ ചേർന്നത്. വശിഷ്ഠിന്റെ പിതാവ് ജഗദീഷ് കരസേനാ ഉദ്യോഗസ്ഥനായിരുന്നു. രണ്ടു വയസുകാരൻ അംഗദ് ആണ് മകൻ. കോയമ്പത്തൂർ സുളൂറിലെ വ്യോമസേനാ ബേസിലായിരുന്ന വശിഷ്‌ഠിനും ആരതിക്കും അടുത്തിടെയാണ് ശ്രീനഗറിലേക്ക് മാറ്റമായത്.