ഡാലസ്: ഷെറിൻ മാത്യൂസ് വധക്കേസിൽ യു.എസിൽ തടവിലായിരുന്ന മലയാളി യുവതി സിനി മാത്യൂസിനെ കോടതി വെറുതെവിട്ടു. ഷെറിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കാതിരുന്നതിനെ തുടർന്നാണ് ഇവരെ വിട്ടയച്ചത്. സംഭവത്തിൽ പിടിയാലായ സിനിയുടെ ഭർത്താവ് വെസ്‌ലി മാത്യൂസ് വിചാരണ നേരിടണം.
2017 ഒക്ടോബറിലാണ് റിച്ചാഡ്സണിലെ വീട്ടിൽ നിന്നു ഷെറിനെ കാണാതായത്. പിന്നീട് വീടിന് ഒരു കിലോമീറ്റർ അകലെ ഒരു കലുങ്കിനടിയിൽ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് മലയാളി ദമ്പതികളായ വെസ്‍ലി മാത്യൂസിനെയും, ഭാര്യ സിനി മാത്യൂസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം ഭക്ഷണം കഴിക്കാൻ പുറത്ത് പോയപ്പോൾ വളർത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്.
അതേസമയം, സിനി ഇവർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയി എന്നു പൊലീസിന് തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് കോടതി ഇവരെ കുറ്റവിമുക്തയാക്കിയത്. ഭക്ഷണം കഴിക്കാൻ പോയതിന്റെ ബില്ലുകളോ മൊഴികളോ ഒന്നും കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.
'ദൈവാനുഗ്രഹമാണ്, വിട്ടയച്ചതിൽ ഒരുപാട് നന്ദിയുണ്ട്, എല്ലാവരോടും നന്ദി. മകളുമായി സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹം' സിനി പറഞ്ഞു. എന്നാൽ തടവിലായ ഭർത്താവ് വെസ്‌ലി മാത്യൂസിനെ കുറിച്ച് പ്രതികരിക്കാൻ സിനി തയാറായില്ല.
അറസ്റ്റിലായതിനു പിന്നാലെ കുട്ടിയിലുള്ള ഇരുവരുടെയും അവകാശം എടുത്തു കളഞ്ഞിരുന്നു. അതിനാൽ സിനിക്ക് സ്വന്തം കുഞ്ഞിനെ കാണാൻ ഉടൻ സാധിക്കില്ല. ഇപ്പോൾ ഇവരുടെ കുട്ടിയെ ബന്ധുവിനൊപ്പം താമസിക്കുകയാണ്. സ്വന്തം മകളെ കാണുന്നതിനുള്ള അവകാശവും പാസ്‌പോർട്ടും വീണ്ടെടുക്കണമെന്ന് സിനി ആവശ്യപ്പെട്ടതായി ഇവരുടെ അറ്റോർണി ഹീത്ത് ഹാരിസ് വ്യക്തമാക്കി.