fariha-bugti-abhinandhan

ന്യൂ‌ഡൽഹി: വിംഗ് കമാൻഡർ അഭിനന്ദനെ ഇന്ത്യയ്‌ക്കു കെെമാറാനെത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന ആ വനിത ആരാണെന്ന് ഒരു നിമിഷം എല്ലാവരും ചിന്തിച്ചിട്ടുണ്ടാകും. അഭിനന്ദനെ ഇന്ത്യയ്‌ക്കു കൈമാറിയതിനു പിന്നാലെ സോഷ്യൽ മീഡിയയിലടക്കം ഇവരെക്കുറിച്ചായിരുന്നു ചർച്ച. പിന്നീടാണ് ഈ വനിതയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്.

ഡോ.ഫരീഖ ബുഗ്തിയാണ് ഇവർ. പാകിസ്ഥാൻ വിദേശകാര്യ ഓഫീസിലെ ഇന്ത്യാ കാര്യങ്ങൾക്കുള്ള ഡയറക്ടർ. ഇന്ത്യൻ ഫോറിൻ സർവീസ്(ഐ.എഫ്.എസ്) എന്നതിനു തുല്യമായി പാകിസ്ഥാനിലുള്ള ഫോറിൻ സർവീസ് ഓഫ് പാകിസ്ഥാൻ(എഫ്.എസ്‌.പി) ഉദ്യോഗസ്ഥയാണിവർ.

പാകിസ്ഥാൻ തടവിലുളള ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ കേസ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡോ.ഫരീഖ. ഇസ്‌ലാമാബാദിൽ 2017ൽ കുൽഭൂഷൻ ജാദവുമായി അമ്മയ്‌ക്ക് കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങിയപ്പോൾ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു.

കഴിഞ്ഞ മാസം കുൽഭൂഷൺ ജാദവിന്റെ കേസ് ഹേഗിലെ രാജ്യാന്തര കോടതിയിൽ പരിഗണിച്ചപ്പോഴും ഫരീഖ നടപടിക്രമങ്ങൾക്കായി അവിടെ എത്തിയിരുന്നു. 2005ലാണ് ഫരീഖ പാകിസ്ഥാൻ വിദേശകാര്യ ഓഫീസിൽ ഔദ്യോഗിക ജീവിതം തുടങ്ങിയത്. 2007 ൽ വിദേശകാര്യ ഓഫിസ് വക്താവായും സേവനം അനുഷ്ഠിച്ചു.