ന്യൂഡൽഹി: ഇന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പാക് പോർവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട വൈമാനികനെ ജനക്കൂട്ടം തല്ലിക്കൊന്നു. ദേശീയ വാർത്താ ഏജൻസിയാണ് പാകിസ്ഥാൻ വൈമാനികൻ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തത്. ഇന്ത്യൻ പൈലറ്റാണെന്ന് കരുതി പാക് പൈലറ്റിനെ നാട്ടുകാർ തല്ലിക്കൊന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
ലണ്ടനിൽ നിന്നുള്ള അഭിഭാഷകൻ ഖാലിദ് ഉമർ ആണ് വൈമാനികന്റെ മരണത്തെ കുറിച്ചുള്ള പോസ്റ്റിട്ടത്. വ്യോമസേന വൈമാനികൻ ഷഹ്‌സാസ് ആണ് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റിൽ പറയുന്നത്. പാകിസ്ഥാൻ വ്യോമസേനയിലെ നമ്പർ 19 സ്‌ക്വാഡ്രണിലെ വൈമാനികനാണ് ഷഹ്‌സാസ്.
ഇന്ത്യൻ വ്യോമസേന മിഗ് 2ൽ നിന്ന് തൊടുത്തു വിട്ട മിസൈലേറ്റാണ് ഷഹസാസ് പറത്തിയ എഫ് 16 തകർന്നത്. ഇജക്ട് ചെയ്ത് പാരച്യൂട്ടിൽ രക്ഷപ്പെട്ട പാക്പൈലറ്റ് പാക് അധീന ജമ്മുകശ്‌മീരിലാണ് പരിക്കുകളോടെ ചെന്നെത്തിയത്. എന്നാൽ, ഇന്ത്യൻ വൈമാനികനെന്ന് കരുതി ആൾക്കൂട്ടം ഇദ്ദേഹത്തെ തല്ലുകയായിരുന്നു. പിന്നീട് പാകിസ്ഥാൻ പൈലറ്റാണെന്ന് മനസ്സിലാക്കിയ ഉടനെ ഷഹസാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.