karachi-hotel

കോഴിക്കോട്: ഹോട്ടൽ ബോർഡിന്റെ പുകിലു പിടിച്ചിരിക്കുകയാണ് കോഴിക്കോട്ടെ കറാച്ചി ഹോട്ടൽ ഉടമ ജംഷി ഉദയാസ്. ഹോട്ടലിന്റെ പേരിൽ ഒരു കറാച്ചി വന്നതി തന്നെ കാരണം. കോഴിക്കോട് പൊറ്റമിലാണ് ഇപ്പറഞ്ഞ കറാച്ചി ഹോട്ടൽ.സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ചിലരാണ് പേരിലെ 'കറാച്ചി' മാറ്റുന്നതിനെക്കുറിച്ച് നിർദേശിച്ചത്. അന്നതു കാര്യമാക്കിയില്ലെങ്കിലും മൂന്നു ദിവസം കഴിഞ്ഞ് വീണ്ടുമെത്തിയ ഇവർ പേരു മാറ്റുന്നതിനെക്കുറിച്ച് ആവർത്തിച്ചു. രാജ്യത്തെ നിലവിലെ 'കാലാവസ്ഥ' അത്ര പന്തിയല്ലാത്തതിനാൽ പേരു മാറ്റുന്നതു തന്നെയാകും നല്ലതെന്ന് ജംഷിക്കും തോന്നി. ഒടുവിൽ പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് കറാച്ചിയുടെ 'ക' അങ്ങുമറച്ചു.

പാകിസ്ഥാനുമായി അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഹൈദരാബാദിലുംം ബംഗളൂരുവിലും കറാച്ചി ബേക്കറികൾക്കുനേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. ജംഷി ഉദയാസും സഹോദരൻമാരും പൊറ്റമ്മൽ ജംക്ഷനിലും കടപ്പുറത്തും രണ്ടു കറാച്ചി ദർബാർ റസ്റ്ററന്റുകൾ നടത്തുന്നുണ്ട്. ഭീഷണിയൊന്നുമുണ്ടായില്ലെങ്കിലും നിലവിലെ സംഘർഷാവസ്ഥ പരിഗണിച്ച് പേരിലെ കറാച്ചി മറയ്ക്കാൻ തീരുമാനിച്ചതെന്ന് ഇവർ വ്യക്തമാക്കി.

ഗൾഫിൽ ഏറെ പ്രസിദ്ധമായ റസ്റ്ററന്റ് ചെയിനാണ് കറാച്ചി ദർബാർ. ഫോട്ടോഗ്രാഫറായ ജംഷിയ്‌ക്ക് ദുബായിലെ കറാച്ചി ദർബാർ ഹോട്ടലിൽ ഭക്ഷണം കഴിച്ചപ്പോഴാണ് ഈ രുചിക്കൂട്ട് കോഴിക്കോട്ട് പരീക്ഷിച്ചാലോ എന്ന ആശയം തോന്നിയത്. ദുബായിലെ കറാച്ചി ദർബാറിൽ ഉപയോഗിക്കുന്ന ഗരം മസാലയും ഇറാനി മസാലയും മാത്രം ഉപയോഗിച്ച് ഭക്ഷണമൊരുക്കുന്നതിനാലാണ് കറാച്ചി ദർബാർ എന്ന പേരു നൽകിയത്.