india

ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാതെ ഒരു തരത്തിലും പാകിസ്ഥാനുമായി ചർച്ചയ്കക് തയ്യാറാവില്ലെന്ന് ഇന്ത്യ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സമാധാന ചർച്ച നടത്താൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് തള്ളിയ ശേഷമായിരുന്നു ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാൻ ഖാൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിംഗ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാതെ ചർച്ച വേണ്ട എന്നതായിരുന്നു ഇന്ത്യയുടെ മുൻനിലപാട്. ഇതെല്ലാം പാകിസ്ഥാനെ പെട്ടെന്ന് നിലപാടെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. എന്നാൽ അതിർത്തിയിൽ ഇപ്പോഴും സംഘർഷം തുടരുന്നതിനാൽ ചർച്ചയ്ക്കില്ലെന്ന നിലപാട് തുടരുകയാണ് ഇന്ത്യ.

അതേസമയം, പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ് അല്ലെന്ന പുതിയ വാദവുമായി പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി രംഗത്തെത്തി. ജെയ്ഷെ മുഹമ്മദിനെതിരെ വ്യക്തമായ തെളിവുകൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ പുൽവാമ ആക്രമണത്തിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷെ മുഹമ്മദ് രംഗത്തെത്തിയിരുന്നു. ഇതെല്ലാം പാടെ അവഗണിക്കുന്ന മട്ടിലാണ് പാകിസ്ഥാന്റെ പ്രതികരണം.

തീവ്രവാദികൾക്കെതിരെ മുൻപും ഇന്ത്യ തെളിവുകൾ നൽകിയിട്ടും പാകിസ്ഥാൻ നടപടികൾ സ്വീകരിച്ചിരുന്നില്ല.ഇതിനെ തുടർന്നാണ് പാകിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്. എന്നാൽ സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ ശ്രമിക്കുമ്പോഴും അതിർത്തി പ്രദേശങ്ങളിൽ പ്രകോപനം തുടരുകയാണ്.