kr-meeara-mullappaly

കോൺഗ്രസ് യുവനേതാവും എം.എൽ.എയുമായ വി.ടി.ബൽറാമും എഴുത്തുകാരി കെ.ആർ മീരയും തമ്മിൽ സോഷ്യൽ മീഡിയയിൽ നടന്ന വാദപ്രതിവാദങ്ങൾ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. എന്നാലിപ്പോഴിതാ ബൽറാമിനെ തള്ളി മീരയ്‌ക്ക് പൂർണപിന്തുണയുമായി എത്തിയിരിക്കുകയാണ് കെ.പിസി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. താൻ കെ.ആർ മീരയുടെ ആരാധകനാണെന്നും ബൽറാം ചെയ്‌തത് ശരിയായില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. ഒരു വാർത്താമാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു കെ.പിസി.സി അദ്ധ്യക്ഷന്റെ തുറന്നുപറച്ചിൽ.

മുല്ലപ്പള്ളിയുടെ വാക്കുകൾ-

'ഞാൻ കെ.ആർ മീരയുടെ ഒരു ആരാധകനാണെന്ന് വേണമെങ്കിൽ പറയാം. എനിക്ക് ആ എഴുത്ത് ഇഷ്‌ടവുമാണ്. കെ.ആർ മീരയെന്നല്ല ആരെയും അങ്ങനെ പറയാൻ പാടില്ല. അതു ശരിയല്ല. അങ്ങനെ നമ്മൾ അധിക്ഷേപ സ്വരത്തിൽ ഒരു പ്രവർത്തകൻ സംസാരിക്കുകയെന്ന് പറഞ്ഞാൽ അത് ഒരു നല്ല ലക്ഷണമായി ഞാൻ കാണുന്നില്ല. അതു ഞാൻ അംഗീകരിക്കുന്നുമില്ല. സോഷ്യൽ മീഡിയ, ആ പ്ളാറ്റ്‌ഫോം വല്ലാതെ മിസ് യൂസ് ചെയ്യപ്പെടുന്നു എന്ന വിശ്വാസക്കാരനാണ് ഞാൻ. പ്രത്യേകിച്ച് കോൺഗ്രസിലെ ആളുകൾ ഉൾപ്പെടുന്ന ചില ഗ്രൂപ്പുകൾ.

ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നില്ല. ബൽറാമിന് ടാലന്റ് ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. ബ്രില്യന്റ് ആണോ എന്ന് ചോദിച്ചാൽ ആണ്. എന്നാൽ അതുമാത്രം പോരല്ലോ? കെ.പി.സി.സി പ്രസിഡന്റായി ചാർജ് എടുത്തപ്പോൾ പാലക്കാട് പോയ സമയത്ത് ഞാൻ ആ കുട്ടിയെ കണ്ടിരുന്നു. പേഴ‌സണൽ ടോക്കിൽ തന്നെ ഞാൻ പറഞ്ഞിരുന്നു, ബൽറാം കുറച്ചു നിയന്ത്രണങ്ങൾ നിങ്ങൾക്കു വേണം'.