dhiksha

മുംബയ്: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാവുകയാണ്. ഇന്ത്യ-പാക് ബന്ധം എക്കാലത്തെയും മോശം അവസ്ഥയിലേക്ക് കടക്കുകയും ചെയ്തു. പുൽവാമയിലെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാർക്ക് പകരം പാകിസ്ഥാനുമായി യുദ്ധം നടത്തണമെന്നാണ് ഭൂരിപക്ഷം പേരും ആവശ്യപ്പെടുന്നത്. എന്നാൽ ജനരോഷം ഇരമ്പുന്ന വേളയിലും യുദ്ധത്തിനെതിരെ ശബ്ദമുയർത്തുകയാണ് കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്റെ മകൾ ദിക്ഷ ദ്വിവേദി.

‘യുദ്ധമല്ല, സമാധാനമാണ് വേണ്ടത്, എത്ര തവണ ഞാൻ ഇത് പറഞ്ഞാലും മതിയാവില്ല. ഒരു സൈനികൻ യുദ്ധഭൂമിയിൽ പോരാടുമ്പോൾ അവരുടെ കുടുംബത്തിന്റെ മാനസികാവസ്ഥ എന്താണെന്ന് എന്നെ പോലുളളവർക്ക് മനസ്സിലാകും. ഞങ്ങളെ സംബന്ധിച്ച് എന്റെ അച്ഛനെ നഷ്ടപ്പെട്ടതായിരുന്നില്ല യുദ്ധം. അദ്ദേഹം പോയതിന് ശേഷമുളള ഞങ്ങളുടെ ജീവിതമായിരുന്നു യഥാർത്ഥ യുദ്ധം, യഥാർത്ഥ പോരാട്ടം. അത്തരത്തിലുളള പലതും ഇന്ന് സംഭവിക്കുമ്പോൾ എനിക്കും എന്റെ കുടുംബത്തിനും മനസ്സിലാക്കാൻ സാധിക്കും, അപ്പോഴെല്ലാം ഞങ്ങൾ പൊട്ടിക്കരയും. കാരണം, 1999ൽ ഞങ്ങൾ അനുഭവിച്ചത് പോലെ മറ്റൊരു കുടുംബം കൂടി അനുഭവിക്കാൻ പോവുകയാണെന്ന് ഞങ്ങൾക്ക് അറിയാം.’ ദിക്ഷ പറഞ്ഞു.

മേജർ സി.ബി ദ്വിവേദി 1981ൽ തന്റെ ഇരുപതാമത്തെ വയസിലാണ് സൈന്യത്തിൽ ചേർന്നത്. 1999ലെ കാർഗില്‍ യുദ്ധത്തിൽ ഡ്രാസ്സിൽ മേഖലയിലായിരുന്നു അദ്ദേഹത്തേയും സംഘത്തേയും നിയോഗിച്ചിരുന്നത്. ഇവിടെ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിക്കുകയായിരുന്നു അദ്ദേഹം.