photo

മുംബയ്: പത്തുവയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പന്ത്രണ്ടുകാരൻ പിടിയിലായി. മഹാരാഷ്ട്രയിലെ പൽഗഹർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ നാലുമാസമായി പന്ത്രണ്ടുകാരൻ പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

അയൽ വീടുകളിൽ താമസിക്കുന്നവരാണ് ഇരുവരും. അതിനാൽ മിക്കപ്പോഴും ഒന്നിച്ചായിരുന്നു ഇവർ. തുടർന്ന് ആൺകുട്ടി പത്തുവയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കഠിനമായ വയറുവേദനയെ തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ മകളോട് കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറി‌ഞ്ഞത്. കഴിഞ്ഞ നാല് മാസമായി പന്ത്രണ്ടുകാരൻ നിരന്തരമായി തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. തുടർന്ന് പന്ത്രണ്ടുകാരനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് ബലാത്സംഗത്തിനും,​ പോക്സോ ഉൾപ്പെടെയുള്ള കുറ്റ‌ങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നിരുന്നാലും പന്ത്രണ്ടുകാരനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കേസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് മൊകാദ പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.