തിരുവനന്തപുരം: 'അളിയാ എന്നെ കൊല്ലല്ലേ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, എന്നെ അടിക്കല്ലടാ..' പ്രാണൻ പിളരുന്ന നിലവിളിയോ കേണപേക്ഷയോ കൂസാതെയാണ് കഴക്കൂട്ടം എഫ്.സി.ഐയ്ക്ക് സമീപം കരിയിൽ പുത്തൻപുര വീട്ടിൽ വിഷ്ണുവിനെ (22) സുഹൃത്തുക്കളുൾപ്പെടെയുള്ള കൊലയാളി സംഘം അരുംകൊല ചെയ്തത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരെ ഒരുമിച്ച് ഉണ്ണുകയും ഉറങ്ങുകയും ചെയ്തതെല്ലാം മറന്നായിരുന്നു മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം വിഷ്ണുവിനെ കൊലപ്പെടുത്തിയത്. ചിറയിൻകീഴിലെ പഞ്ചായത്ത് വാർഡിലുൾപ്പെടെ വിജനമായ തീരദേശപ്രദേശത്തായിരുന്നു കൊലപാതകം നടന്നത്.
തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ വിഷ്ണുവിന്റെ നിലവിളികേട്ട് ബഹളം കൂട്ടിയെങ്കിലും അക്രമി സംഘം അവരെ വിരട്ടിയോടിച്ചു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് കോളം സ്വദേശി രാജ് സൂര്യൻ, ഇയാളുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് പിടിയിലായത്. വിഷ്ണുവിന്റെ അടുത്ത സുഹൃത്ത് അരുൺ ഉൾപ്പെടെ മൂന്നുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. അരുൺ ആണ് കൊലയുടെ മുഖ്യസൂത്രധാരൻ. പ്രദേശത്തെ സമൂഹ്യവിരുദ്ധ, കഞ്ചാവ് മാഫിയയിലെ കണ്ണികളാണ് പ്രതികൾ. തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്തെന്ന സംശയത്തെ തുടർന്ന് വിഷ്ണുവിനോടുള്ള പകയും വിരോധവും മനസിൽ സൂക്ഷിച്ച അരുൺ നാട്ടിലെ ചില സുഹൃത്തുക്കളുമായി കൂടിയാലോചിച്ചാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തത്.
മൈസൂരിൽ ആയിരുന്ന അരുണും കൊല്ലപ്പെട്ട വിഷ്ണുവും കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ബസ് സ്റ്റാൻഡിലെത്തിയപ്പോൾ രാജ് സൂര്യനാണ് ബൈക്കിലെത്തി ചിറയിൻകീഴിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ബാഗ് ആറ്റിങ്ങലിലെ ഒരു കടയിൽ ഏൽപ്പിച്ചശേഷം സുഹൃത്തിന്റെ പെരുങ്കുഴിയിലെ വീട്ടിലേക്ക് പോകുന്നതായി വിഷ്ണു വീട്ടിൽ അറിയിച്ചിരുന്നു. ഏറെ നേരമായിട്ടും മകനെ കാണാതെ വീട്ടുകാർ വിഷമിച്ചിരിക്കുമ്പോഴാണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് വിഷ്ണുവിന് അപായം സംഭവിച്ചതായി വിവരം ലഭിച്ചത്. ബൈക്കിൽ പെരുങ്കുഴിയിലെ അരുണിന്റെ വീട്ടിലെത്തിയ വിഷ്ണുവിനോട് ഫോൺ ഹാക്ക് ചെയ്ത് കോളുകളും മെസേജുകളും ചോർത്തിയത് ചോദ്യം ചെയ്ത് സംഘം മർദ്ദിച്ചു. അരുണിന്റെ മാതാവ് ഇതിനെ എതിർക്കുകയും വിലക്കുകയും ചെയ്തതോടെ വിഷ്ണുവിനെ വിട്ടയച്ചു. എന്നാൽ, വീണ്ടും അരുണും കൂട്ടാളികളും വിഷ്ണുവിനെ തീരദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അരുണിന്റെയും രാജ് സൂര്യന്റെയും കൂട്ടാളികളായ ഒരു സംഘം കൂടി അവിടെയെത്തി. വിഷ്ണുവിനെ കമ്പുപയോഗിച്ച് മാറി മാറി അടിച്ചു. അടിയേറ്റ് പിടഞ്ഞ വിഷ്ണു അലറിവിളിക്കുകയും പൊട്ടിക്കരയുകയും കാല് പിടിക്കുകയും ചെയ്തെങ്കിലും മനസലിവ് കാട്ടാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനമേറ്റ് കുഴഞ്ഞുവീണ വിഷ്ണുവിനെ ഓട്ടോയിൽ കയറ്റി ശാർക്കര ക്ഷേത്രത്തിന് സമീപമെത്തിച്ചശേഷം അവിടെ നിന്ന് 108 ആംബുലൻസിൽ ചിറയിൻകീഴ് ഗവ. ആശുപത്രിയിൽ അക്രമി സംഘം എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് സംഘം ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ, വിഷ്ണു മരിച്ചു എന്ന് ഡോക്ടർമാർ അറിയിച്ചതോടെ സംഘം മുങ്ങുകയായിരുന്നു. ഒരു സാധുകുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു വിഷ്ണു. പിതാവിന്റെ മരണശേഷം വീട്ടമ്മയായ മാതാവ് വീട്ടുജോലിക്ക് പോയി പഠിപ്പിച്ച് വലുതാക്കിയ മകനെയാണ് കുടുംബത്തിന് അകാലത്തിൽ നഷ്ടമായത്. ഇളയ രണ്ട് സഹോദരിമാരെ പോറ്രി വളർത്തേണ്ട ഉത്തരവാദിത്വവും വീടിന്റെ ഭാരവും ചുമലിലേറ്റേണ്ട വിഷ്ണുവിന്റെ വിയോഗം താങ്ങാനാകാതെ തളർന്നിരിക്കുകയാണ് കുടുംബം.