modi

ന്യൂഡൽഹി: വിംഗ് കമാൻഡർ അഭിനന്ദനെ പാകിസ്ഥാൻ കൈമാറിയത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിനന്ദനിലൂടെ സംസ്‌കൃതത്തിലെ അഭിനന്ദൻ എന്ന വാക്കിന് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ പുതിയ അർത്ഥങ്ങൾ കൈവന്നിരിക്കുകയാണ്. അഭിനന്ദൻ എന്നാൽ അഭിനന്ദനം എന്നാണ് അർത്ഥം. വാക്കുകൾക്ക് പുതിയ മാനങ്ങൾ കൈവരുന്നത് രാജ്യത്തിന്റെ ശക്തിയെയാണ് കാണിക്കുന്നതെന്നും ന്യൂഡൽഹിയിൽ നടന്ന പൊതുയോഗത്തിൽ മോദി പറഞ്ഞു.

ഒരു ദിവസത്തെ കാത്തിരിപ്പിന് ശേഷം വെള്ളിയാഴ്ച രാത്രി 9.20നാണ് അഭിനന്ദൻ ഇന്ത്യയിൽ തിരിച്ചെത്തിയത്. രാജ്യത്തിന്റെ എല്ലാ നീക്കങ്ങളും ലോകം ഗൗരവപൂർവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അഭിനന്ദൻ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

രാജ്യത്തിന് മുഴുവൻ മാതൃകയായ അഭിനന്ദൻ തമഴിനാട്ടുകാരൻ ആണെന്നതിലും അഭിമാനമുണ്ടെന്ന് മോദി കന്യാകുമാരിയിൽ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യൻ അതിർത്തി ലംഘിച്ചെത്തിയ പാകിസ്ഥാന്റെ എഫ്​ 16 വിമാനത്തെ തുരത്താനുള്ള ശ്രമത്തിനിടയിലാണ്​ അഭിനന്ദൻ പാക് പിടിയിലാകുന്നത്. തുടർന്ന് നടത്തിയ നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ ഇന്നലെയാണ് പാകിസ്ഥാൻ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്.