രാഹുൽ, മാസ്റ്ററുടെ പല പോസിലുള്ള ചിത്രങ്ങൾ ക്യാമറയിൽ പകർത്തി.
ആണിയിൽ നിന്ന് താരയെ വേർപെടുത്തി. അവളെ കെട്ടിപ്പിടിച്ചുകൊണ്ട് മാസ്റ്റർ നിൽക്കുന്ന ചിത്രങ്ങൾ വരെ എടുത്തു.
ശേഷം ധനപാലന്റെ കൈകളിലെയും ആണികൾ വലിച്ചൂരി. ഒപ്പം അറിയിച്ചു:
''ധനപാലാ... പോലീസിലെ നിന്റെ സേവനം ഈ രാത്രികൊണ്ട് അവസാനിക്കുകയാണ്. ഒന്നുകിൽ വോളന്ററി റിട്ടയർമെന്റ് വാങ്ങിക്കോണം. അല്ലെങ്കിൽ റിസൈൻ ചെയ്തേക്കണം. ചോയ്സ് നിനക്കാണ്. അല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും. മൂന്നുതരം.""
ധനപാലനു ശബ്ദിക്കാൻ പോലും കഴിഞ്ഞില്ല....
***
രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകുവാൻ ഭാവിക്കുകയായിരുന്നു പിങ്ക് പോലീസ് സംഘം.
എസ്.ഐ വിജയ എല്ലാവരെയും അടുത്തുവിളിച്ചു.
സ്ഫോടനത്തിൽ മരിച്ച അഞ്ച് എസ്.ഐമാരുടെയും വീടുകളിൽ പോയതിനുശേഷം അവർ തിരിച്ച് എത്തിയിയിരുന്നതേയുള്ളൂ.
''എന്താ മേഡം? "" സി.പി.ഒ നിർമ്മല തിരക്കി.
ഒരു നിമിഷം എല്ലാവരുടെയും മുഖത്തേക്കു നോക്കിനിന്നു വിജയ. പിന്നെ പതുക്കെ ചുണ്ടനക്കി:
''നിങ്ങളെ സ്വന്തം ചേച്ചിമാരായിട്ടോ അനുജത്തിമാരായിട്ടോ ആണ് ഞാൻ ഇതേവരെ കണ്ടിട്ടുള്ളത്.''
മുഖവുര കേട്ടിട്ടും ആർക്കും ഒന്നും മനസിലായില്ല.
വിജയ അവരോട് എല്ലാം തുറന്നു പറഞ്ഞു. തങ്ങൾ ആറ് എസ്.ഐമാർ ചേർന്ന് തിന്മയ്ക്കെതിരെ പോരാടാൻ 'റെഡ് " എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയതു മുതൽ....
അമ്പരന്നുപോയി മറ്റുള്ളവർ.
വിജയ തുടർന്നു:
''ഒരു പോലീസ് ഉദ്യോഗസ്ഥയായിട്ടുപോലും എനിക്ക് അച്ഛൻ, ഏട്ടൻ, അനുജൻ.... ഒക്കെ നഷ്ടമായി. ഈ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ അപ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്താണ്? ഏതാനും ചിലരെ നശിപ്പിച്ചാൽ ഭൂരിഭാഗം പേരും രക്ഷപ്പെടുമെങ്കിൽ 'സംഹാരം" ഒരു തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഞങ്ങൾ ആറുപേർ ഒന്നിച്ചെടുത്ത തീരുമാനം ഇനി ഒറ്റയ്ക്കു നടത്താൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ആവശ്യം വന്നാൽ നിങ്ങൾ എന്റെ ഒപ്പം നിൽക്കുമോ? നിങ്ങൾക്ക് ഒരു തട്ടുകേടും കൂടാതെ ഞാൻ നോക്കിക്കൊള്ളാം. ""
''മാഡം...."" ഡ്രൈവർ സുമം അമ്പരപ്പിൽ വിളിച്ചു.
''സുമത്തിനു പേടിയാണെങ്കിൽ സഹകരിക്കണ്ടാ."" വിജയ ചിരിച്ചു. ''പക്ഷേ ഞാൻ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ നിന്നു പുറത്തു പോകരുത്.""
''ഒരിക്കലുമില്ല മേഡം. പക്ഷേ ഞാൻ പറയാൻ ഭാവിച്ചത് അതല്ല. നമ്മളെക്കൊണ്ട് അതൊക്കെ ആവുമോ?""
വിജയ തലയാട്ടി:
''തീർച്ചയായും.""
''എങ്കിൽ ഞങ്ങളുണ്ട് മേഡം. ഒപ്പം.'' പറഞ്ഞത് ശാന്തിനിയാണ്.
മറ്റുള്ളവരും അത് ആവർത്തിച്ചു.
''എങ്കിൽ നമ്മൾ ഇപ്പോൾത്തന്നെ ഒരിടം വരെ പോകുന്നു.""
പിങ്ക് പോലീസിന്റെ ഇന്നോവ സ്റ്റാർട്ടായി. ടൊയോട്ട വർക്ക്ഷോപ്പിലാണ്. കഴിഞ്ഞ ദിവസം ആക്സിഡന്റ് സംഭവിച്ചതിനാൽ...
വണ്ടി ഓടിയെത്തിയത് ചെന്നീർക്കര പഞ്ചായത്തിലെ 'ഊന്നുകൽ" എന്ന സ്ഥലത്താണ്.
അവിടെ, കുരിശടിക്ക് അടുത്തുനിന്ന് 'മാത്തൂർ"റോഡിലേക്കു തിരിഞ്ഞു.
റോഡ് തീർത്തും വിജനം.
അവർ, ആർജവ് വിജയയോടു പറഞ്ഞ കെട്ടിടത്തിലെത്തി.
അതിനുള്ളിൽ അർദ്ധ മയക്കത്തിൽ അവനുണ്ടായിരുന്നു.
നോബിൾ തോമസ്!
മുഖ്യമന്ത്രിയുടെ ജാരസന്തതി...
പിങ്ക് പോലീസ് അവനെ കസ്റ്റഡിയിലെടുത്ത് ഇന്നോവയിൽ കയറ്റി.
ഏതോ മയക്കുമരുന്ന് നൽകിയിരുന്നതിനാൽ അവന്റെ ബോധം ശരിക്കു വീണിരുന്നില്ല.
''ഇവനു വേണ്ടിയാണ് അയാൾ സത്യനെ കൊല്ലിച്ചത്....""
വിജയയുടെ പല്ലുകൾ ഞെരിഞ്ഞമർന്നു.
''ഇവനെ എവിടേക്കാണു കൊണ്ടുപോകുന്നത് ""
തിരികെ വണ്ടിയോടിക്കുന്നതിനിടയിൽ സുമം തല ചെരിച്ച് വിജയയെ നോക്കി.
''തൽക്കാലം എന്റെ വീട്ടിലേക്ക്.""വിജയ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
***
അടുത്ത പ്രഭാതത്തിൽ കേരളത്തിലെ ജനങ്ങൾ കേൾക്കുന്നത് അമ്പരപ്പിക്കുന്ന വാർത്ത.
മുഖ്യമന്ത്രി വേലായുധൻ മാസ്റ്റർ രാവിലെ തന്നെ പ്രസ് മീറ്റിംഗ് നടത്തി. താൻ സ്ഥാനം ഒഴിയുകയാണെന്നും പകരം രാഹുൽ ചീഫ് മിനിസ്റ്റർ ആകുകയാണെന്നും.
മീഡിയക്കാർ ഒരു നൂറു ചോദ്യം എറിഞ്ഞു.
''നോ കമന്റ്സ്."" അതായിരുന്നു മാസ്റ്ററുടെ മറുപടി.
[തുടരും]