വാഷിംഗ്ടൺ: ഇന്ത്യയ്ക്കെതിരെ എഫ് 16 വിമാനം ഉപയോഗിച്ചതിനെക്കുറിച്ച് പാകിസ്ഥാനോട് അമേരിക്ക വിശദീകരണം തേടി. അമേരിക്കൻ വിദേശകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധത്തിനായി നൽകിയ പോർവിമാനം മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിച്ചുവെന്നും വിമാനം വാങ്ങുമ്പോൾ ധാരണയായ കരാർ ലംഘിച്ചുവെന്നും റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് അമേരിക്ക കൂടുതൽ വിശദീകരണം തേടാൻ തീരുമാനിച്ചത്.
ആക്രമണത്തിന് പാക്കിസ്ഥാൻ എഫ്-16 ഉപയോഗിച്ചതു സംബന്ധിച്ച് ഇന്ത്യ അമേരിക്കയ്‌ക്കു തെളിവുകൾ നൽകിയിരുന്നു. വിദേശ രാജ്യങ്ങളുമായുള്ള ആയുധവിൽപന കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയാത്തതിനാൽ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കില്ലെന്ന് യു.എസ് പ്രതിരോധവകുപ്പ് വക്താവ് പറഞ്ഞു.
ലോകത്തിന്റെ ഏറ്റവും വലിയ ആയുധകച്ചവട രാജ്യമായ അമേരിക്ക വിറ്റഴിക്കുന്ന ആയുധങ്ങൾ എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്നും കൃത്യമായി പരിശോധിക്കാറുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് പാകിസ്ഥാനു വിമാനം നൽകിയതെന്ന് പെന്റഗൺ പ്രതിരോധ വിഭാഗം വക്താവ് പറയുന്നു. പന്ത്രണ്ടോളം നിയന്ത്രണങ്ങളാണ് എഫ്-16 കരാറിൽ അമേരിക്ക ഏർപ്പെടുത്തിയിരുന്നത്.