cm

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിനെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ഥാപനത്തെയും ജീവനക്കാരേയും സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രിയെന്ന നിലയിൽ അങ്ങ് നേരിട്ട് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി ബി.എസ്.എൻ.എല്ലിനേയും ജീവനക്കാരേയും രക്ഷപ്പെടുത്തണം.

ഞാൻ ഇൻഡ്യയിലെ ഏറ്റവും വലിയ പൊതു മേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിലെ ഒരു ജീവനക്കാരനാണ്. 1998 ലാണ് ഡിപ്പാർട്ടുമെന്റ് ടെലികമ്മ്യൂണിക്കേഷനിൽ ക്ലറിക്കൽ ജീവനക്കാരനായി നിയമിതനായത്‌. 2000 ഒക്ടോബർ ഒന്നാം തീയതിയാണ് ഡി.ഓ.ടി. യെ വിഭജിച്ച് അന്നത്തെ കേന്ദ്ര സർക്കാർ ബി.എസ്.എൻ.എൽ. എന്ന കമ്പനി രൂപീകരിച്ചത്. ഡി. ഓ.ടി. യെ കമ്പനിയാക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾ ചെറുത്തു നിൽപ്പ് നടത്തിയെങ്കിലും കേന്ദ്ര സർക്കാർ അതൊന്നും ചെവി കൊള്ളാതെയാണ് കമ്പനിയാക്കി മാറ്റിയത്. സ്വകാര്യ വൽക്കരണ അജൻഡ വെച്ചു കൊണ്ടാണ് കേന്ദ്ര സർക്കാർ സ്ഥാപനത്തെ പൊതു മേഖല സ്ഥാപനമാക്കിയത്‌. ആരംഭകാലം മുതൽ കുറച്ചു വർഷങ്ങളിൽ സ്ഥാപനം ശോഭനമായി നടന്നു കൊണ്ടിരുന്നു. പക്ഷേ കഴിഞ്ഞ അഞ്ചു വർഷക്കാലമായി സ്ഥാപനവും നോൺ എക്സിക്യൂട്ടീവ് / എക്സിക്യൂട്ടീവ് ജീവനക്കാരും കേന്ദ്ര സർക്കാരിന്റെ അമിതമായ സ്വകാര്യ സ്നേഹം മൂലം വെൻറിലേറ്ററിലാണ് . ഇപ്പോൾ ബി.എസ്.എൻ.എൽ. തുടങ്ങിയിട്ട് 19 വർഷം പിന്നിടുന്നു. യാതൊരു വിധ വികസന പ്രവർത്തനങ്ങളും നടത്താൻ സമ്മതിക്കാതെ സ്ഥാപനത്തെ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണ് ഞങ്ങൾ . സ്വകാര്യ മൊബൈൽ കമ്പനിയായ കേന്ദ്ര സർക്കാരിന്റെ പൊൻ കുഞ്ഞായ റിലയൻസ് ജിയോയ്ക്ക് സർക്കാർ നിർലോഭം സഹായം ചെയ്യുന്നു. ഡാറ്റ യുഗത്തിൽ ബി.എസ്.എൻ.എല്ലിനെ 3 ജി യിൽ തളച്ചിട്ടിരിക്കുന്ന ദയനീയ സ്ഥിതി. സ്വകാര്യ കമ്പനികൾ പലതും 4 ജി സർവ്വീസ് മാർക്കറ്റിൽ ഇറക്കി ലാഭം കൊയ്യുകയും അവർ 5 ജി ലേക്കു ചുവടു മാറാൻ ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴും ബി.എസ്.എൻ.എല്ലിന് 4 ജി സർവ്വീസ് തുടങ്ങാനായി സ്പെക്ട്രം പോലും കേന്ദ്ര സർക്കാർ ഇതു വരെ അനുവദിച്ചു തന്നിട്ടില്ല. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമ പഞ്ചായത്തുകളിലെയും വില്ലേജ് ഓഫീസുകളിലെയും ഇന്റർനെറ്റ് സേവനങ്ങൾ ബി.ബി.എൻ.എൽ. എന്ന ബി.എസ്.എൻ.എല്ലിന്റ ഉപസ്ഥാപനത്തെ തഴഞ്ഞ് സ്വകാര്യ മേഖലയ്ക്ക് നൽകാനുള്ള ട്രായ് നിർദ്ദേശത്തിന് ടെലികോം മിഷൻ തത്വ ത്തിൽ അംഗീകാരം നൽകി. രാജ്യത്തിന്റെ മുക്കിലും മൂലയിലും ധാരാളം അടിസ്ഥാന സൗകര്യങ്ങളുള്ള വസ്തുവകകളും കെട്ടിടങ്ങളും ഓഫീസുകളും ബി.എസ്.എൻ.എല്ലിനുണ്ട്. പക്ഷേ 2000 ൽ ബി.എസ്.എൻ.എൽ. ആക്കുമ്പോൾ ഉണ്ടാക്കിയ എഗ്രിമെന്റിനു വിരുദ്ധമായി എല്ലാ വസ്തു വകകളും ഡി.ഓ.ടി. കൈയടക്കി വച്ചിരിക്കുന്നു. ദുരിതകാലത്ത് ബാങ്ക് ലോൺ എടുക്കാൻ പോലും ബി.എസ്.എൻ.എല്ലിനെ ഡി.ഓ.ടി. അനുവദിക്കുന്നില്ല. സ്ഥാപനത്തിൽ ഇൻഡ്യയിൽ 1,80,000 ജീവനക്കാരും ഓഫീസർമാരും കേരളത്തിൽ 10,000 പേരുമാണ് ഈ മേഖലയിൽ സ്ഥിര ജീവനക്കാരായി പണിയെടുക്കുന്നത്. കൂടാതെ ലക്ഷക്കണക്കിന് കരാർ തൊഴിലാളികളും സ്ഥാപനത്തിന്റെ ഭാഗമായി ജോലി ചെയ്യുന്നു. ഐ.ടി.എസ്. എന്നതു രാജകീയ പദവിയാണെന്നു കരുതി ഒരു വിഭാഗം ഓഫീസർമാർ ബി.എസ്.എൻ.എല്ലിലേക്ക് വരാതെ ഡി.ഓ.ടി. യിൽ തന്നെ നിന്നു കൊണ്ട് സ്ഥാപനത്തോട് യാതൊരുവിധ കൂറും കാണിക്കാതെ മാടമ്പിമാരെ പോലെ സ്ഥാപനത്തെയും ജീവനക്കാരേയും നിയന്ത്രിക്കുന്ന കൗതുക കാഴ്ചയും ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്.

കേരള സർക്കാർ , ഈ ആപത്ഘട്ടത്തിൽ ഞങ്ങളുടെ സ്ഥാപനത്തെയും ജീവനക്കാരെയും കൈവിടില്ല എന്ന പ്രതീക്ഷയോടെ .

വി.പി. ശിവകുമാർ

ഫോൺ - 9447056789