cm-pinarayi-vijayan

തൃശൂർ: അസുഖം കാരണം നിശ്ചയിച്ച പരിപാടികളൊന്നിലും പങ്കെടുക്കാനാവാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തൊണ്ടവേദന കാരണമാണ് പരിപാടികൾ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ,​ ഇടതുമുന്നണിയുടെ കേരള സംരക്ഷണയാത്രയുടെ സമാപനയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.

തേക്കിൻകാട് മൈതാനത്ത് വൈകിട്ട് അ‌്ഞ്ചിനാണ് സമാപനയോഗം. ഡോക്ടർമാർ സംസാര നിയന്ത്രണം നിർദേശിച്ചിട്ടുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനം, കേരള വനം ഗവേഷണ കേന്ദ്രത്തിലെ പുതിയ വനിതാ ഹോസ്റ്റൽ, തെക്കുംകര പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം തുടങ്ങിയവയാണ് മുഖ്യമന്ത്രിക്ക് ജില്ലയിൽ ഉണ്ടായിരുന്ന പരിപാടികൾ.

തൊണ്ട വേദന കാരണം കഴിഞ്ഞ മാസം 27ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പല പരിപാടികളും മുഖ്യമന്ത്രി ഒഴിവാക്കിയിരുന്നു. ചിലയിടത്ത് പ്രസംഗിച്ചില്ല. തൃശൂർ ജില്ലയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വിവിധ പരിപാടികൾ മറ്റ് മന്ത്രിമാരാണ് ഉദ്ഘാടനം ചെയ്‌തത്.