samthoda-express

ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ ട്രെയിൻ സർവീസായ സംഝോദ എക്സ്പ്രസ് നാളെ മുതൽ സർവ്വീസ് പുനരാരംഭിക്കും. അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് സംഝോദ എക്സ്പ്രസിന്റെ സർവ്വീസ് നിർത്തിവച്ചിരുന്നു. നിലവിൽ അതിർത്തിയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 1976 ജൂലൈ 22 നാണ് സംഝോദ എക്സ്പ്രസ് സർവ്വീസ് തുടങ്ങിയത്. ആഴ്ചയിൽ രണ്ടു ദിവസമാണ് ഇരുരാജ്യങ്ങളിലേക്കും ട്രെയിൻ സർവീസ് നടത്തുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും,​ ബുധൻ, ഞായർ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്കുമാണ് സർവ്വീസുകൾ.

അതേസമയം,​ പാക് സൈന്യത്തിൽ നിന്ന് മോചിപ്പിച്ച വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പ്രതിരോധ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. അതിർത്തി കടന്നെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടയിൽ പാക് സൈന്യം വെടിവച്ചിട്ട വിമാനത്തിൽ നിന്ന് രക്ഷപെട്ട വിംഗ് കമാൻ‌ർ അഭിനന്ദൻ വർദ്ധമാനെ നയതന്ത്ര ഇടപെടലിനെ തുടർന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് തിരികെ ഇന്ത്യയിൽ എത്തിച്ചത്.

സൈനിക നടപടിക്രമങ്ങളുടെ ഭാഗമായി ശാരീരിക, മാനസിക പരിശോധനകളും സൈനിക ഇന്റലിജൻസ് വിഭാഗം ഉൾപ്പെടെ ഇന്ത്യൻ രഹസ്യന്വേഷണ ഏജൻസികളുടെ ദിവസങ്ങളോളം ദീർഘിക്കുന്ന വിശദമായ ചോദ്യം ചെയ്യലിനും ശേഷമേ അഭിനന്ദന് വീട്ടിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങാനാകൂകയുള്ളു. അദ്ദേഹം ഇന്ന് മുതൽ സൈനിക നടപടിക്രമങ്ങൾക്ക് വിധേയനാവും.