ന്യൂഡൽഹി:പാകിസ്ഥാനിലെ ബലാകോട്ട് ഭീകര പരിശീലന കേന്ദ്രത്തിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം ഭീകരഗ്രൂപ്പായ ജയ്‌ഷെ മുഹമ്മദ് ആദ്യമായി സ്ഥിരീകരിച്ചു. ജയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മൗലാന അമറിന്റേതായി പുറത്തു വന്ന ശബ്ദരേഖയിലാണ് സ്ഥിരീകരണം. ജമ്മുകാശ്‌മീരിൽ കൂടുതൽ ആക്രമണത്തിന് ചാവേറുകളെ തയ്യാറാക്കുകയാണെന്ന് മുന്നറിയിപ്പും നൽകുന്നുണ്ട്. ഇന്ത്യൻ പൈലറ്റ് അഭിനന്ദനെ മോചിപ്പിച്ചതിന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇയാൾ വിമർശിക്കുകയും ചെയ്‌തു.
ഓൺലൈൻ മാദ്ധ്യമമായ ഫസ്റ്റ് പോസ്റ്റ് ആണ് ശബ്ദരേഖ പുറത്തു വിട്ടത്. ജയ്ഷ് താവളത്തിൽ ബോംബാക്രമണം നടന്നതായും 35 മൃതദേഹങ്ങൾ മാറ്റിയതായും ദൃക്സാക്ഷികളെ ഉദ്ധരിച്ചും ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.
ബലാകോട്ടിലെ തലീം - ഉൽ - ഖുറാൻ മദ്രസയിൽ ഇന്ത്യൻ വ്യോമസേന ബോംബിട്ടതായും മദ്രസ ജിഹാദികളുടെ പരിശീലന കേന്ദ്രമായിരുന്നെന്നും മൗലാന അമർ ശബ്ദരേഖയിൽ സമ്മതിക്കുന്നുണ്ട്. ഇന്ത്യൻ ആക്രമണം ജയ്ഷെ മുഹമ്മദിനും നേതൃത്വത്തിനും കനത്ത പ്രഹരമാണെന്നും ഭീകരരുടെ റിക്രൂട്ട്മെന്റും പരിശീലനവും താറുമാറായെന്നും അതിനാൽ താവളം മാറ്റുകയാണെന്നും ശബ്ദരേഖയിൽ സൂചനയുമുണ്ട്.
ഇന്ത്യൻ ആക്രമണത്തിൽ മൗലാന അമറും മസൂദ് അസറിന്റെ ഭാര്യാ സഹോദരൻ യൂസഫ് അസറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ശബ്ദരേഖ പുറത്തായതോടെ അമർ ജീവനോടെ ഉണ്ടെന്ന് വ്യക്തമായി.
കഴിഞ്ഞ ദിവസം നടന്ന ഒരു ജിഹാദി റിക്രൂട്ട്മെന്റ് യോഗത്തിൽ ബലാകോട്ട് ആക്രമണത്തിന് പകരം വീട്ടാൻ ചാവേർ ആക്രമണങ്ങൾ നടത്താൻ ജയ്ഷെ ഭീകരർക്ക് അമർ നിർദ്ദേശം നൽകി.
ജയ്ഷ് താവളത്തിൽ ബോംബാക്രമണം നടന്നെന്നും 35 ഓളം മൃതദേഹങ്ങൾ ആംബുലൻസിൽ കൊണ്ടുപോയെന്നുമാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. പ്രാദേശിക ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഒരു കുടിലിൽ ഉറങ്ങിക്കിടന്ന 12 ഭീകര പരിശീലകരും കൊല്ലപ്പെട്ടു. ഇവരിൽ പലരും മുൻ പാക് സൈനികരായിരുന്നു.പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ, കേണൽ സലീം എന്നറിയപ്പെട്ടിരുന്ന മുൻ ഉദ്യോഗസ്ഥനും പെഷവാറിലെ ഭീകര പരിശീലകൻ മുഫ്‌തി മൊയീൻ, ബോംബ് വിദഗ്ദ്ധൻ ഉസ്‌മാൻ ഖനി എന്നിവരും കൊല്ലപ്പെട്ടു. കേണൽ സറാർ സക്രി എന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടെന്നും ഇയാൾ വെളിപ്പെടുത്തി.
മൗലാന അമറിന്റെ ശബ്ദരേഖ
'' ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. അവർ പാക് മണ്ണിൽ കടന്നുകയറി ബലാകോട്ട് മദ്രസയിൽ ബോംബിട്ടു. ഇന്ത്യൻ വ്യോമസേന ആക്രമിച്ചത് കാശ്‌മീരിൽ ജിഹാദിനായി റിക്രൂട്ട് ചെയ്‌തവരെ പരിശീലിപ്പിക്കുന്ന സെമിനാരിയാണ്. ഇതിലൂടെ ജിഹാദ് വീണ്ടും തുടങ്ങാൻ ഇന്ത്യ ഞങ്ങളെ പ്രകോപിപ്പിച്ചിരിക്കയാണ്''. രാജ്യത്തിന്റെ പകുതി ഭൂമിയും 90,000 സൈനികരെയും അടിയറ വച്ച ഒരു നിയാസി ( മുൻ പാക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ) ഉണ്ടായിരുന്നു. ഇപ്പോഴത്തെ നിയാസി ( ഇമ്രാൻ ഖാൻ ) ശത്രുവിന് മുന്നിൽ കീഴടങ്ങി ഇന്ത്യൻ പൈലറ്റിനെ മോചിപ്പിച്ചതിലൂടെ യുദ്ധം തന്നെ തോറ്റു''.