ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം
നൂറാം ഏകദിനത്തിൽ
ഫിഞ്ച് സംപൂജ്യൻ
ഹൈദരാബാദ്: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്രിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 50 ഓവറിൽ 6 വിക്കറ്ര് നഷ്ടത്തിൽ 236 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 48.2 ഓവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (240/4). ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. പ്രതിസന്ധി ഘട്ടത്തിൽ ക്രീസിൽ ഒന്നിച്ച് സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ വിജയ തീരം കടത്തിയത് കേദാർ ജാദവും (87 പന്തിൽ 81), എം.എസ്.ധോണിയും (72 പന്തിൽ 59) ആണ്. ട്വന്റി-20 പരമ്പരയിലെ സമ്പൂർണ പരാജയത്തിൽ നിന്നുള്ള ഇന്ത്യയുടെ തിരിച്ചുവരവ് കൂടിയാണ് ഇന്ത്യയ്ക്ക് ഈ ജയം.
ഇരുവരും തകർക്കപ്പെടാത്ത അഞ്ചാം വിക്കറ്റിൽ 141 റൺസ് കൂട്ടിച്ചേർത്തു. 99/4 എന്ന നിലയിൽ വച്ചാണ് ഇരുവരും ക്രീസിൽ ഒന്നിച്ചത്. രോഹിത് ശർമ്മ (37), നായകൻ വിരാട് കൊഹ്ലി (44) എന്നിവരും ഇന്ത്യൻ വിജയത്തിൽ ബാറ്ര് കൊണ്ട് നിർണായക സംഭാവന നൽകി.കോൾട്ടർ നില്ലും സാംപയും ആസ്ട്രേലിയക്കായി രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.
നേരത്തേ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഷമിയും ബുംറയും കുൽദീപുമായിരുന്നു വമ്പൻ സ്കോർ നേടുന്നതിൽ നിന്ന് ഓസീസിനെ തടഞ്ഞത്. ടോസ് നേടി ബാറ്റിംഗിനിങ്ങിയ ആസ്ട്രേലിയയ്ക്ക് അക്കൗണ്ട് തുറക്കുന്നതിനെ മുമ്പേ ക്യാപ്ടൻ ആരോൺ ഫിഞ്ചിനെ നഷ്ടമായി. ആസ്ട്രേലിയൻ ജേഴ്സിയിൽ ഫിഞ്ചിന്റെ നൂറാം മത്സരമായിരുന്നു ഇന്നലത്തേത്. രണ്ടാമത്തെ ഓവറിലെ മൂന്നാം പന്തിൽ ഫിഞ്ചിനെ ജസ്പ്രീത് ബുംറ ധോണിയുടെ കൈയിൽ ഒതുക്കുകയായിരുന്നു. തുടർന്ന് ക്രീസിൽ ഒന്നിച്ച ഉസ്മാൻ ഖവേജയും (50), മാർക്കസ് സ്റ്റോയിനിസും (37) ചേർന്ന് രണ്ടാം വിക്കറ്രിൽ 87 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി കംഗാരുക്കളെ തുടക്കത്തിലെ തകർച്ചയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ഇരുപത്തൊന്നാമത്തെ ഓവറിലെ ആദ്യ പന്തിൽ സ്റ്റോയിനിസിനെ കൊഹ്ലിയുടെ കൈയിൽ എത്തിച്ച് കേദാർ ജാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഖവേജയെ കുൽദീപ് വിജയ് ശങ്കറിന്റെ കൈയിൽ എത്തിച്ചു. ഹാൻഡ്സ്കോമ്പിനെ (19) കുൽദീപിന്റെ പന്തിൽ ധോണി സ്റ്റമ്പ് ചെയ്ത് മടക്കി. അരങ്ങേറ്രക്കാരൻ ആഷ്ടൺ ടർണറെ (21) ഷമി ക്ലീൻ ബൗൾഡാക്കി. നന്നായി കളിച്ചു വരികയായിരുന്ന ഗ്ലെൻ മാക്സ്വെല്ലിന്റെയും (40) കുറ്റി ഷമി തെറിപ്പിച്ചതോടെ 6ന് 173 എന്ന നിലയിൽ പ്രതിസന്ധിയിലായി ഓസീസ്. പിന്നീട് ഒത്തു ചേർന്ന അലക്സ് കാരെയും (പുറത്താകാതെ 36), നാഥാൻ കോൾട്ടർ നില്ലും (28) ചേർന്നാണ് ഓസീസിനെ ഇരുന്നൂറ് കടത്തിയത്. ഇരുവരും ഏഴാം വിക്കറ്രിൽ 62 റൺസിന്റെ കൂട്ടുകെട്ട് പടുത്തുർത്തി. അവസാന ഓവറിലെ അഞ്ചാം പന്തിൽ കോൾട്ടർ നില്ലിനെ കൊഹ്ലിയുടെ കൈയിൽ ഒതുക്കി ബുംറയാണ് ഈ കൂട്ടുകെട്ടിന്റെ അന്തകനായത്.അമ്പതോവർ അവസാനിക്കുമ്പോൾ പാറ്ര് കമ്മിൻസായിരുന്നു (0) കാരെയ്ക്കൊപ്പം ക്രീസിൽ ഉണ്ടായിരുന്നത്.
സ്കോർ ബോർഡ്
ആസ്ട്രേലിയ: ഖവേജ സി ശങ്കർ ബി കുൽദീപ് 50, ഫിഞ്ച് സി ധോണി ബി ബുംറ 0, സ്റ്റോയിനിസ് സി കൊഹ്ലി ബി കേദാർ 37, ഹാൻഡ്സ്കോമ്പ് സ്റ്റമ്പ്ഡ് ധോണി ബി കുൽദീപ് 19, മാക്സ്വെൽ ബി ഷമി 40, ടർണർ ബി ഷമി 21, കാരെ നോട്ടൗട്ട് 36, കോൾട്ടർ നിൽ സി കൊഹ്ലി ബി ബുംര (28), കമ്മിൻസ് നോട്ടൗട്ട് 0. എക്സ്ട്രാസ് 5. ആകെ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 236 റൺസ്.
വിക്കറ്ര് വീഴ്ച: 1-0, 2-87,3-97, 4-133, 5-169, 6-173, 7-235.
ബൗളിംഗ്: ഷമി 10-2-44-2, ബുംറ 10-0-60-2, വിജയ് 3-0-22-0, കുൽദീപ് 10-0-46-2, ജഡേജ 10-0-33-0, ജാദവ് 7-0-31-1.
ഇന്ത്യ : രോഹിത് സി ഫിഞ്ച് ബി കോൾട്ടർ നിൽ 37,ധവാൻ സി മാക്സ്വെൽ ബി കോൾട്ടർനിൽ 0, കൊഹ്ലി എൽ ബി സാംപ 44, അമ്പാട്ടി സി കാരെ ബി സാംപ 13, ധോണി നോട്ടൗട്ട് 59, ജാദവ് നോട്ടൗട്ട് 81. എക്സ്ട്രാസ് 6. ആകെ 48.2 ഓവറിൽ 4 വിക്കറ്ര് നഷ്ടത്തിൽ 240.
വിക്കറ്ര് വീഴ്ച: 1-4, 2-80, 3-95,4-99.
ബൗളിംഗ്: ബെഹ്രൻഡോർഫ് 10-0-46-0, കോൾട്ടർനിൽ 9-2-46-2, കമ്മിൻസ് 10-0-46-0, സാംപ 10-0-49-2, സ്റ്രോയിനിസ് 9.2-0-52-0.