balakot-attack-

ന്യൂഡൽഹി: പാകിസ്താനിലെ ബാലാക്കോട്ടിൽ ഭീകരകേന്ദ്രത്തിന് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം ജയ്ഷെ മുഹമ്മദ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വ്യോമാക്രമണത്തിൽ നാശനഷ്ടമുണ്ടായെന്നും പരിശീലന കേന്ദ്രത്തിൽ ഇന്ത്യ ബോംബിട്ടതായും സമ്മതിച്ച് ജെയ്ഷെ മുഹമ്മദ്. തലവൻ മസൂദ് അസറിന്റെ സഹോദരൻ മൗലാന അമറിന്റെ ശബ്ദരേഖ പുറത്തുവന്നു.

നേരത്തെ പാകിസ്താൻ ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും ഇപ്പോൾ ജെയ്ഷേ മുഹമ്മദ് തന്നെ ഇക്കാര്യം അംഗീകരിക്കുകയാണ്. അതേസമയം ജെയ്ഷെയുടെ ആസ്ഥാനത്ത് ആക്രമണം നടന്നിട്ടില്ലെന്നും മൗലാനാ അമർ പറയുന്നു. ഒരു ദേശീയമാദ്ധ്യമമാണ് ശബ്ദരേഖ പുറത്തുവിട്ടത്.

ജയ്ഷെ മുഹമ്മദിന്റെ താവളത്തിൽ ബോംബാക്രമണം നടന്നതായി നാട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടന്നു മണിക്കൂറുകൾക്കു ശേഷം 35 ഓളം മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് ആംബുലൻസിൽ പുറത്തേക്കു കൊണ്ടുപോയതായാണു ദൃക്‌സാക്ഷികൾ പറയുന്നത്.

പാക് ചാരസംഘടന ഐ.എസ്.ഐയുടെ മുൻ ഉദ്യോഗസ്ഥൻ കേണൽ സലീം എന്നയാളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പക്ഷേ കേണൽ സറാർ സക്രി എന്നയാൾ രക്ഷപ്പെട്ടു. പെഷവാറിൽ നിന്നുള്ള ജയ്ഷ് ഭീകരൻ മുഫ്തി മൊയീൻ, ബോംബ് നിർമാണ വിദഗ്‍ധൻ ഉസ്മാൻ ഖനി എന്നിവരും കൊല്ലപ്പെട്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.