pic

ചെന്നൈ: കേരളത്തിലെ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണെന്ന് കേരള ടൂറിസം വകുപ്പ് മാർക്കറ്രിംഗ് ഡെപ്യൂട്ടി ഡയറക്‌ടർ വി.എസ്. അനിൽകുമാർ പറഞ്ഞു. കഴിഞ്ഞവർഷം 13.78 ലക്ഷം സഞ്ചാരികളാണ് തമിഴ്‌നാട്ടിൽ നിന്നെത്തിയത്. കേരള ടൂറിസത്തിന് തമിഴ്‌നാട്ടിൽ സ്വീകാര്യത ഏറുന്നതായും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ കേരള പാർട്‌ണർഷിപ്പ് മീറ്രിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലുധിയാന, ചണ്ഡീഗഢ്,​ ഡൽഹി,​ ജയ്‌പൂർ,​ ബംഗളൂരു,​ ഹൈദരാബാദ്,​ കൊൽക്കത്ത,​ വിശാഖപട്ടണം എന്നിവിടങ്ങളിൽ കേരള ടൂറിസം പാർട്‌ണർഷിപ്പ് മീറ്ര് നടത്തിയിരുന്നു. ചെന്നൈയ്ക്ക് ശേഷം 28ന് മധുരയിലായിരുന്നു മീറ്ര്. ഭുവനേശ്വർ,​ വിജയവാഡ,​ അഹമ്മദാബാദ്,​ വഡോദര,​ സൂററ്റ്,​ ലക്‌നൗ,​ ഇൻഡോർ,​ നാഗ്‌പൂർ,​ പൂനെ,​ മുംബയ് എന്നിവിടങ്ങളിലും മീറ്ര് നടത്തും. മലബാറിലെ ഉൾപ്പെടെ കേരളത്തിന്റെ ടൂറിസം ആകർഷണങ്ങൾ കൂടുതൽ സ‌ഞ്ചാരികളെ പരിചയപ്പെടുത്തുകയാണ് പ്രധാനലക്ഷ്യം.

കേരളത്തിന്റെ തനത് കലാരൂപങ്ങളാണ് മീറ്രിനെ ശ്രദ്ധേയമാക്കുന്നത്. കഥകളി,​ കളരിപ്പയറ്ര്,​ തെയ്യം തുടങ്ങിയവയുടെ പ്രദർശനം മീറ്റിലുണ്ട്. വിനോദസഞ്ചാരത്തിലൂടെ പ്രതിവർഷം ശരാശരി 36,​000 കോടി രൂപയാണ് കേരളം നേടുന്നത്.