കോഴിക്കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ് പറഞ്ഞു. കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള ധീര സ്മൃതിയാത്രയ്ക്ക് മുതലക്കുളത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർകോട്ട് കൊലവിളി പ്രസംഗം നടത്തിയ വി.പി.പി മുസ്തഫയെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാത്ത പൊലീസ് കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
യാത്രയുടെ ഭാഗമായി നടന്ന സ്മൃതി സംഗമം ചരിത്രകാരൻ എം.ജി.എസ് നാരായണൻ ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവൻ എം.പി, ടി.പി. രാജീവൻ, പി.പി. നൗഷിർ, സി.ആർ. മഹേഷ്, ആദം മുൽസി, എം. ഷിബു, വിദ്യാ ബാലകൃഷ്ണൻ, സി.വി. ജിതേഷ് എന്നിവർ പങ്കെടുത്തു. യാത്ര മാർച്ച് അഞ്ചിന് തിരുവനന്തപുരത്തെ തിരുവല്ലത്ത് അവസാനിക്കും.