ന്യൂഡൽഹി: പാകിസ്താന്റെ പിടിയിലായ ശേഷം ഇന്നലെ മോചിതനായ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ സന്ദർശിച്ചു. വ്യോമസേന ഉന്നതോദ്യോഗസ്ഥർക്കൊപ്പമാണ് നിർമല സീതാരാമൻ ആശുപത്രിയിലെത്തി അഭിനന്ദനെ കണ്ടത്. അഭിനന്ദന്റെ ഭാര്യയും മകനുമായും മന്ത്രി സംസാരിച്ചു. അഭിനന്ദന്റെ ധീരതയ്ക്ക് മുന്നിൽ രാജ്യം അഭിമാനം കൊള്ളുന്നതായി പ്രതിരോധമന്ത്രി പറഞ്ഞു.
ശനിയാഴ്ച രാവിലെ വ്യോമസേന മേധാവി ബി.എസ്. ധനോവയും അഭിനന്ദനെ കണ്ടിരുന്നു. പാകിസ്ഥാന്റെ കസ്റ്റഡിയിലിരുന്ന 60 മണിക്കൂറിലെ വിവരങ്ങൾ അഭിനന്ദൻ വ്യോമസേനാ മേധാവിയോടു വിവരിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി 9.15 നാണ് അഭിനന്ദൻ വർധമാനെ പാക്കിസ്താൻ ഇന്ത്യക്ക് കൈമാറിയത്. വാഗ അതിർത്തിയിലെത്തിച്ചശേഷം നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയായിരുന്നു കൈമാറ്റം. വ്യോമസേന എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂറിന്റെ നേതൃത്വത്തിലുള്ള സേനാ സംഘം വാഗയിൽ അഭിനന്ദനെ സ്വീകരിച്ചു. അതിർത്തിയിൽ വച്ചു തന്നെ മെഡിക്കൽ പരിശോധനകൾക്കു വിധേയനാക്കിയിരുന്നു. തുടർന്ന് അഭിനന്ദിനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനകൾക്കു ശേഷം പിന്നീട് അദ്ദേഹത്തെ എയർഫോഴ്സ് ഹോസ്റ്റലിലേക്കും മാറ്റി.