sherin

ഡാലസ്: വളർത്തുമകൾ ഷെറിൻ മാത്യൂസിന്റെ കൊലപാതകത്തിൽ വളർത്തമ്മ സിനി മാത്യൂസിനെ യു.എസ് കോടതി വെറുതെ വിട്ടു. കുഞ്ഞിനെ മാതാപിതാക്കൾ വീട്ടിൽ തനിച്ചാക്കി പുറത്തുപോയി എന്നതിനു മതിയായ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഇവരെ കുറ്റവിമുക്തയാക്കിയത്. സിനിക്കെതിരെ ഫയൽ ചെയ്തിരുന്ന ''ചൈൽഷ് എൻഡേഞ്ചർമെന്റ്" കുറ്റം ഉപേക്ഷിച്ചതായി ഡിസ്ട്രിക്ട് അറ്റോർണി ഓഫിസ് കോടതിയെ അറിയിച്ചു. ഇതോടെ പതിനഞ്ചു മാസത്തെ ജയിൽ വാസത്തിനു ശേഷം സിനി മോചിതയായി.

ജയിൽവാസം ചാരിറ്റി പ്രവർത്തനമായി കാണുന്നുവെന്നും സംഭവത്തിൽ ദുഃഖമില്ലെന്നും സിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. എത്രയും വേഗം സ്വന്തം മകൾക്കൊപ്പം ഒന്നിച്ചു ജീവിക്കണമെന്നും സിനി പറഞ്ഞു. ജയിലിൽ നിന്ന് എങ്ങോട്ടാണു പോകുന്നതെന്ന് ഇവർ വ്യക്തമാക്കിയില്ല. മോചനത്തിനായി പ്രവർത്തിച്ചവരോട് നന്ദിയും കടപ്പാടും സിനി പ്രകടിപ്പിച്ചു.

ഭർത്താവ് വെസ്ലി മാത്യൂസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവർ മറുപടി നൽകാൻ വിസമ്മതിച്ചു. വെസ്ലിലിയും സിനിയും തങ്ങളുടെ രക്ഷാകർതൃ അവകാശങ്ങൾ ഉപേക്ഷിച്ചതിനാൽ സ്വന്തം മകളെ വിട്ടു കിട്ടാനും കോടതിയെ സമീപിക്കേണ്ടിവരും. കൊലപാതകക്കുറ്റത്തിന് വെസ്ലിയുടെ വിചാരണ മേയിൽ ആരംഭിക്കും. സിനിക്കെതിരായ കേസ് ഉപേക്ഷിച്ചതിൽ റിച്ചാർഡ്‌സൺ പൊലീസ് നിരാശ പ്രകടിപ്പിച്ചു.