തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള മത്സരിക്കും. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മത്സരിക്കണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നതിനെ തുടർന്നാണിത്.
തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ആയിരിക്കും ശ്രീധരൻ പിള്ള മത്സരിക്കുക. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മത്സരിക്കാനില്ലെങ്കിൽ ശ്രീധരൻ പിള്ളയ്ക്കാണ് കൂടുതൽ സാദ്ധ്യത കല്പിക്കുന്നത്. ശബരിമല വിഷയം കത്തിനിൽക്കുന്ന പത്തനംതിട്ടയിലും ശ്രീധരൻപിള്ളയെ പരിഗണിക്കുന്നുണ്ട്.
അതേ സമയം കേന്ദ്ര നേതൃത്വം തീരുമാനിച്ചാലുടൻ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ശ്രീധരൻ പിള്ള അറിയിച്ചു. തിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ബി.ജെ.പി സംസ്ഥാന ഘടകം പൂർത്തിയാക്കിയതായും ശ്രീധരൻപിള്ള പറഞ്ഞു.