കൊല്ലം: മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ ജയിൽ വാർഡൻ തേവലക്കര അരിനല്ലൂർ മല്ലകത്ത് കിഴക്കതിൽ വിനീതിനെ (30) ചവറ മജിസ്ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അറിയുന്നത്. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് തെക്കുംഭാഗം എസ്.ഐയെ സ്ഥലം മാറ്റി. ചവറ സി.ഐ ചന്ദ്രദാസിനാണ് അന്വേഷണത്തിന്റെ ചുമതല.
തേവലക്കര അരിനല്ലൂർ ചിറക്കാലക്കോട്ട് കിഴക്കതിൽ രാധാകൃഷ്ണ പിള്ള -രജനി ദമ്പതികളുടെ മകൻ രഞ്ജിത്താണ് (17) വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. മർദ്ദനത്തെ തുടർന്ന് തലച്ചോറിലുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
വിനീതിനെ മാത്രം പ്രതിചേർത്ത് അന്വേഷണം അവസാനിപ്പിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. രഞ്ജിത്ത് ചികിത്സയിലിരിക്കേ കേസ് ഒത്തുതീർപ്പിലൂടെ അവസാനിപ്പിക്കാൻ തെക്കുംഭാഗം എസ്.ഐ ശ്രമിച്ചതായി രഞ്ജിത്തിന്റെ പിതാവ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐയെ സ്ഥലം മാറ്റിയതെന്നാണ് വിവരം. എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമാണ് സ്ഥലംമാറ്റമെന്നാണ് പൊലീസ് പറയുന്നത്.
ഫെബ്രുവരി 14ന് പ്രണയദിനത്തിൽ അരിനല്ലൂർ സ്വദേശിനിയായ പത്താം ക്ളാസ് വിദ്യാർത്ഥിനിയെ രഞ്ജിത്ത് ശല്യം ചെയ്തതായി ഉയർന്ന ആരോപണത്തെപ്പറ്റി ചോദിക്കാനാണ് അന്ന് രാത്രി 11 മണിയോടെ വിനീതും പെൺകുട്ടിയുടെ പിതാവും അടങ്ങുന്ന സംഘം രഞ്ജിത്തിന്റെ വീട്ടിലെത്തിയത്. അവിടെവച്ച് വിനീതിന്റെ മർദ്ദനമേറ്റ രഞ്ജിത്ത് കുഴഞ്ഞുവീഴുകയായിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മൃതദേഹവുമായി ബന്ധുക്കളും കോൺഗ്രസ് പ്രവർത്തകരും പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ നടത്തി പ്രതിഷേധിച്ചിരുന്നു. കഠിനമായ മർദ്ദനമേറ്റതിനാലാണ് ആന്തരിക രക്തസ്രാവമുണ്ടായതെന്ന് ചികിത്സ നടത്തിയ ഡോക്ടർമാരും വ്യക്തമാക്കിയിരുന്നു.
ഇന്നലെ ചവറ സി.ഐ ചന്ദ്രദാസും സംഘവും രഞ്ജിത്തിന്റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പ്രതികൾ ഉണ്ടായേക്കുമെന്നും സി.ഐ പറഞ്ഞു.