abhinandan-

ന്യൂഡൽഹി:വാഗാ അതിർത്തിയിൽ അഭിനന്ദൻ വർദ്ധമാന്റെ മോചനം നാലു മണിക്കൂറോളം വൈകിച്ചത് പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ ഇടപെടലിനെ തുടർന്നെന്ന് സൂചന. അഭിനന്ദനെ വാഗയിൽ എത്തിക്കുന്നതിനു മുമ്പ് രഹസ്യകേന്ദ്രത്തിൽ വച്ച് പാക് അനുകൂല വീഡിയോ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്. അഭിനന്ദനെ മോചിപ്പിക്കുന്നതിനു മുൻപു തന്നെ പാക് മാധ്യമങ്ങൾ ഈ വീഡിയോ പുറത്തുവിടുകയും ചെയ്‌തു.

വാഗയിലെ സൈനിക ഓഫീസ് കോംപ്ളക്‌സിൽ കൈമാറൽ രേഖകൾ പരിശോധിക്കാൻ സമയമെടുക്കുന്നതായി പ്രചരിപ്പിച്ച ശേഷം അഭിനന്ദനെ ലാഹോറിനടത്ത് ഐ.ഐസ്.എെയുടെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാക് അതിർത്തിക്കുള്ളിൽ തന്റെ ആക്രമണ പദ്ധതി സാധ്യമാകും മുമ്പ് വിമാനം വെടിയേറ്റു വീണെന്നും, പാരച്യൂട്ടിൽ വീണ തന്നെ നാട്ടുകാരുടെ ആക്രമണത്തിൽ നിന്നു രക്ഷിച്ച പാക് സേന പ്രഥമശുശ്രൂഷ ഉൾപ്പെടെ നല്ല പരിചരണം നൽകിയെന്നും അഭിനന്ദിനെക്കൊണ്ട് പറയിച്ച് ചിത്രീകരിക്കുകയായിരുന്നു. 84 സെക്കൻഡ് ദൈർഘ്യുള്ള വീഡിയോ 18 തവണ എഡിറ്റ് ചെയ്‌ത ശേഷം പുറത്തുവിട്ടു. ഇക്കാര്യങ്ങൾ രഹസ്യ ഏജൻസികളുടെ ചോദ്യം ചെയ്യലിൽ അഭിനന്ദ് വെളിപ്പെടുത്തിയേക്കും.

ബിൻ ലാദന്റെ മകൻ

യു.എൻ കരിമ്പട്ടികയിൽ

റിയാദ്: കൊല്ലപ്പെട്ട അൽക്വയിദ മുൻ തലവൻ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദനെ യു.എൻ രക്ഷാസമിതി കരിമ്പട്ടികയിൽപ്പെടുത്തി. ഹംസ ബിൻ ലാദനെ അൽക്വയിദയുടെ ഇപ്പോഴത്തെ തലവൻ അയ്‌മൻ അൽ സവാഹിരിയുടെ പിൻഗാമിയാക്കാൻ ഒരുക്കം നടക്കുന്നതായ റിപ്പോർട്ടുകളെ തുടർന്നാണ് യു.എൻ. യാത്രാവിലക്ക്, സ്വത്തു മരവിപ്പിക്കൽ തുടങ്ങിയവയാണ് അനന്തര നടപടികൾ.

അതേസമയം, മുപ്പതു വയസ്സുകാരനായ ഹംസ ബിൻ ലാദൻ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തതയില്ല. പാക്- അഫ്ഗാൻ അതിർത്തിയിലോ സിറിയയിലോ ഒളിത്താവളത്തിലായിരിക്കുമെന്ന് കരുതുന്നു.

ഹംസയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക കഴിഞ്ഞ ദിവസം ഒരു മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെ ഹംസ ബിൻ ലാദന്റെ പൗരത്വം റദ്ദാക്കിയതായി സൗദി പ്രഖ്യാപിക്കുകയും ചെയ്തു.

അച്ഛൻ ബിൻ ലാദനെ കൊലപ്പെടുത്തിയതിന് അമേരിക്കയോടും സഖ്യരാജ്യങ്ങളോടും പ്രതികാരം ചെയ്യാൻ ഹംസ ആഹ്വാനം ചെയ്യുന്ന ആഡിയോ- വീഡിയോ സന്ദേശങ്ങൾ യു. എസ് നേരത്തേ പുറത്തുവിട്ടിട്ടുണ്ട്.

ഹംസ ബിൻ ലാദൻ

സൗദി അറേബ്യയിൽ ജനനം. 30 വയസ്. അൽക്വയിദയുടെ ഔദ്യോഗികാംഗം. വേൾഡ് ട്രേഡ് സെന്റർ ആക്രമണം വരെ പിതാവിനൊപ്പം കഴി‌ഞ്ഞു. അൽക്വയിദയുടെ തലവനാക്കാൻ ലാദൻ പ്രത്യേക പരിശീലനം നൽകി. ബിൻ ലാദന്റെ മരണശേഷം അഫ്ഗാനിസ്ഥാനിലെ താവളം വിട്ടു. അൽക്വയിദയുടെ പല ഭീകരാക്രമണങ്ങൾക്കും നേതൃത്വം നൽകി. ഭീകരൻ മുഹമ്മദ് അത്തയുടെ മകളെ വിവാഹം ചെയ്തു. 2017ൽ യു.എസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചു. നിലവിൽ എവിടെയെന്ന് അറിയില്ല. മറ്റു പൗരത്വം നേടിയോ എന്ന് വ്യക്തമല്ല

പൂഞ്ചിൽ അമ്മയും

2 മക്കളും കൊല്ലപ്പെട്ടു

ശ്രീനഗർ: ഇന്ത്യ- പാക് അതിർത്തിയിലെ നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഇന്നലെ  നടത്തിയ ഷെല്ലാക്രമണത്തിൽ അമ്മയും രണ്ടു മക്കളും കൊല്ലപ്പെട്ടു.പൂഞ്ച് സെ‌ക്‌ടറിലായിരുന്നു ആക്രമണം. ഇന്ത്യൻ സേനയുടെ വെടിവയ്പിൽ രണ്ടു സൈനികർ മരിച്ചതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഭിനന്ദൻ വർദ്ധമാനെ ഇന്ത്യയ്‌ക്കു കൈമാറിയ വെള്ളിയാഴ്ച രാത്രിയോടെയാണ് പാക് ഷെല്ലാക്രമണം രൂക്ഷമായത്.

അതേസമയം, ഷോപ്പിയാനിലെ ദച്ചോവിൽ 44 രാഷ്ട്രീയ റൈഫിൾസ് ക്യാമ്പിനു നേരെ ഇന്നലെ ഭീകരർ വെടിയുതിർത്തു. ഭീകരനീക്കത്തെ പൊലീസും സൈന്യവും ശക്തമായി പ്രതിരോധിച്ചു. ഭീകരരെ കണ്ടെത്താൻ മേഖലയിൽ തിരച്ചിൽ തുടരുകയാണ്.