ker

 ശിലാസ്ഥാപനം മന്ത്രി സുനിൽകുമാർ നിർവഹിച്ചു

 നിർമ്മാണച്ചെലവ് ₹22 കോടി

കരുനാഗപ്പള്ളി: കേരഫെഡിന്റെ കരുനാഗപ്പള്ളി ഫാക്‌ടറിയിൽ നാളികേര സംസ്‌കരണത്തിനായുള്ള പുതിയ പ്ളാന്റിന്റെ ശിലാസ്ഥാപനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. 22 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 150 മെട്രിക് ടൺ ശേഷിയുള്ള സംസ്‌കരണ പ്ളാന്റാണ് സ്ഥാപിക്കുന്നത്. നാളികേര ഉത്‌പാദന രംഗത്ത് നിലവിലുള്ള ഏഴരലക്ഷം ഹെക്‌ടർ എന്നത്,​ ഒരുവർഷത്തിനകം ഒമ്പതുലക്ഷം ഹെക്‌ടറിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

പത്തുവർഷം കൊണ്ട് രണ്ടുകോടി തെങ്ങിൻ തൈകൾ അധികമായി കേരളത്തിൽ നട്ടുപിടിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. നാളികേര ഉത്‌പാദനത്തിന്റെ 40 ശതമാനം മൂല്യവർദ്ധിത മേഖലയിലേക്ക് മാറ്റും. ആഗോളതലത്തിൽ കേരളത്തിന്റെ നാളികേരത്തിനും അനുബന്ധ ഉത്‌പന്നങ്ങൾക്കും നല്ല പ്രിയമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉത്‌പാദനം കൂട്ടാൻ സർക്കാർ നടപടിയെടുക്കുന്നത്. കേരഫെഡിൽ പുതിയ നാളികേര സംസ്‌കരണ പ്ളാന്റ് സ്ഥാപിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

കർഷകർക്കും മറ്റും കേരഫെഡ് നൽകാനുണ്ടായിരുന്ന 55 കോടി രൂപ സർക്കാർ ഇതിനകം നൽകി. അടുത്തവർഷത്തോടെ കമ്പനി ലാഭത്തിന്റെ പാതയിലേറും. കേരഫെഡിന്റെ പുത്തൻ ഉത്‌പന്നമായ 'കേരഫെഡ് കേര ബേബി ഓയിൽ" മന്ത്രി പുറത്തിറക്കി. ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരഫെഡ് ചെയർമാൻ ജെ. വേണുഗോപാലൻ നായർ,​ മാനേജിംഗ് ഡയറക്‌ടർ എൻ. രവികുമാർ തുടങ്ങിയവർ സംബന്ധിച്ചു.