electric-car

ന്യൂഡൽഹി: ഇലക്‌ട്രിക് വാഹനങ്ങൾക്ക് പർച്ചേസ് റിബേറ്ര് നൽകണമെന്ന നീതി ആയോഗിന്റെ ശുപാർശയ്ക്ക് കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി. ഇതനുസരിച്ച്,​ ഏപ്രിൽ ഒന്നുമുതൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് 20,​000 രൂപ മുതൽ 2.50 ലക്ഷം രൂപവരെ കുറയും. വിദേശത്തു നിന്നുള്ള ഇന്ധന ഇറക്കുമതിയുടെ അളവ് കുറയ്‌ക്കാനും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനും ഈ നീക്കം ഇന്ത്യയ്ക്ക് സഹായകമാകും.

ഫാസ്‌റ്റർ അഡോപ്‌ഷൻ ഒഫ് മാനുഫാക്‌ചറിംഗ് ഒഫ് ഇലക്‌ട്രിക് വെഹിക്കിൾസ് (ഫെയിം 2) സ്‌കീം പ്രകാരം വാങ്ങുന്ന ഇലക്‌ട്രിക് വാഹനങ്ങൾക്ക് കിലോവാട്ട് അവറിന് (കെ.ഡബ്ള്യു.എച്ച്) 10,000 രൂപവീതം ഇൻസെന്റീവ് നൽകാനാണ് കേന്ദ്രമന്ത്രി സഭ തീരുമാനിച്ചത്. രണ്ടുമുതൽ നാലുവരെ കെ.ഡബ്ള്യു.എച്ച് ബാറ്രറിയുള്ള ടൂവീലറുകൾക്ക് ഇതുവഴി 40,​000 രൂപവരെയും 5-10 കെ.ഡബ്ള്യു.എച്ച് ബാറ്ററിയുള്ള ത്രീവീലറുകൾക്ക് ഒരുലക്ഷം രൂപവരെയും ലാഭിക്കാം. 15-25 കെ.ഡബ്ള്യു.എച്ച് ബാറ്ററിയുള്ള കാറുകൾക്ക് ഒന്നരലക്ഷം രൂപമുതൽ രണ്ടരലക്ഷം രൂപവരെയും ലാഭിക്കാനാകും. 2017-18ൽ 56,​000 ഇലക്‌ട്രിക് വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 2016-17ൽ ഇത് 25,​000 ആയിരുന്നു.