വർഷങ്ങൾക്ക് മുമ്പേ പട്ടണപ്രവേശം എന്ന സിനിമയിൽ വേലക്കാരനായി വേഷം കെട്ടിയ എത്തിയ ശ്രീനിവാസനോട് ഒരു വേലക്കാരി ചേച്ചി ചേട്ടൻ ആരെയെങ്കിലും ലൗവ് ചെയ്തിട്ടുണ്ടോ? എന്ന് ചോദിക്കുന്ന ഒരു രംഗമുണ്ട്. മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത രംഗമാണത്. ശ്രീനിവാസനോട് പ്രേമാർഭ്യർത്ഥന നടത്തിയ ആളൂർ എൽസി എന്ന നടി ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് എത്തുകയാണ്.
ആളൂർ എൽസി സിനിമയ്ക്ക് വേണ്ടി അവസരം ചോദിച്ച് നടക്കുകയാണെന്ന് 'ക'യുടെ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. അഭിനയിക്കാൻ അവസരം ചോദിച്ച് എത്തിയ നടിയുടെ അവസ്ഥ സിനിമയുടെ അണിയറപ്രവർത്തകർ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുറം ലോകത്തെത്തിച്ചത്. ഇപ്പോൾ 'ക' എന്ന സിനിമയിൽ ആളൂർ എൽസിക്ക് അവസരം നൽകി എന്ന കാര്യം യുവ നടൻ നീരജ് മാധവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പട്ടണപ്രവേശം എന്ന ചിത്രത്തിലെ വീട്ടു വേലക്കാരി ചേച്ചിയെ എല്ലാവർക്കും ഓർമ കാണുമല്ലോ അല്ലേ...??? ‘ചേട്ടൻ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ’യെന്നുള്ള ആ ചോദ്യം വർഷങ്ങൾക്കിപ്പുറവും ഹിറ്റാണ്. പക്ഷേ ആ വേഷം ചെയ്ത നടിയാരാണെന്ന് ശരാശരി മലയാളികളെപ്പോലെ ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ അപ്രതീക്ഷിതമെന്ന് പറയട്ടെ എന്റെ പുതിയ ചിത്രമായ ‘ക’ യുടെ ഷൂട്ടിംഗ് തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ പുരോഗമിക്കുന്നതിനിടെ ആ നടി ഞങ്ങളുടെ സെറ്റിലെത്തി. ആളൂർ എൽസി.
ട്രോളന്മാർ മുഴുവൻ ആഘോഷിച്ചു കൊണ്ടിരിക്കുന്ന മുഖം പക്ഷേ ഞങ്ങളുടെ സിനിമയിലെന്തെങ്കിലും അവസരം കിട്ടുമോയെന്ന് അന്വേഷിച്ചാണെത്തിയത്. കോസ്റ്റ്റ്യൂം അസോസിയേറ്റ് സതീഷിനോടും അസിസ്റ്റന്റ് ഡയറക്ടർ ഫ്ലെവിനോടും സംസാരിച്ച് മടങ്ങുകയും ചെയ്തു. ഇതറിഞ്ഞ ഞങ്ങളുടെ സംവിധായകൻ രജീഷ് ലാലും പ്രൊഡ്യൂസർ ശ്രീജിത്തും ചേർന്നു റൈറ്റേഴ്സായ രാജീവിനോടും വിഷ്ണുവിനോടും പറഞ്ഞു എൽസി ചേച്ചിയ്ക്ക് പറ്റിയൊരു വേഷം എഴുതിയൊണ്ടാക്കി.
ഇന്നു ചേച്ചി വീണ്ടും സെറ്റിൽ വന്നിരുന്നു. ഞങ്ങളൊടൊപ്പം കുറെ നേരം സംസാരിച്ചു. ഇരിങ്ങാലക്കുടക്കാരിയായ ചേച്ചി 28 വർഷം മുൻപ് സിനിമയിൽ അഭിനയിക്കാൻ തിരുവനന്തപുരത്തെത്തിയതാണ്. അന്നു മുതൽ ഇവിടെ അരിസ്റ്റോ ജംക്‌ഷനിലെ ശ്രീദേവി ടൂറിസ്റ്റ് ഹോമിലെ സ്ഥിര താമസക്കാരിയാണ്. പുറപ്പാട്, ഞാൻ ഗന്ധർവ്വൻ, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്നീ സിനിമകളിൽ അഭിനയിച്ചു. പക്ഷെ കൂടുതൽ അവസരങ്ങൾ തേടിയെത്തിയില്ല. ഇന്നു ‘ക’യിൽ ഒരു വേഷം നൽകാമെന്ന് നേരിട്ട് പറയുമ്പോൾ ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷം ഞാൻ കണ്ടു.എൽസി ചേച്ചിയെ ‘ക’ എന്ന ചിത്രത്തിലേക്ക് ഒത്തിരി ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.