life-thrat

കോഴിക്കോട്: പാകിസ്ഥാനിലെ ഭീകരർക്കെതിരെ മിന്നലാക്രമണത്തിലൂടെ വിജയം നേടിയ രാജ്യത്തിന്റെ നേട്ടത്തിനെതിരായ കോൺഗ്രസ്‌ സി.പി.എം നേതാക്കളുടെ പ്രതികരണങ്ങൾ ദൗർഭാഗ്യകരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. യുവമോർച്ച സംഘടിപ്പിച്ച വിജയസങ്കൽപ്പ ബൈക്ക് റാലിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടിക്കും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖിനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരേനിലപാടാണ്. പട്ടാളക്കാർ നേടിയ ഐതിഹാസിക വിജയത്തിന് നേതൃത്വം നൽകിയ പ്രധാനമന്ത്രിയെയും ഭരണകൂടത്തെയും കണ്ടില്ലെന്ന് നടിക്കുകയാണ് അവർ. ഭീകരർക്കും പാകിസ്ഥാനുമെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കുമ്പോൾ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷ നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി തിരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജമായെന്നും സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ബി.ഡി.ജെ.എസ് ഒറ്റക്കെട്ടായി എൻ.ഡി.എയിലുണ്ട്. താൻ മത്സരിക്കുമോ എന്ന കാര്യത്തെക്കുറിച്ച് പാർട്ടിയോട് വ്യക്തമാക്കിയിട്ടുണ്ട്. അത് മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ല.