കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിൽ നിവിൻ പോളി നായകനാകും. കൊച്ചിയുടെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ കഥയാണ് തുറമുഖത്തിലൂടെ രാജീവ് രവി പറയുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിവിൻ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
നിവിന്‍ പോളിക്ക് പുറമേ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച നിമിഷ സജയൻ, ബിജു മേനോൻ, ഇന്ദ്രജിത്ത്, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന് വേണ്ടി സുകുമാർ തെക്കേപ്പാട്ടാമ് ചിത്രം നിർമ്മിക്കുന്നത്. ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ കഥ.
1950കളിൽ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് തുറമുഖം ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.
നേരത്തെ ഇതേ പേരില്‍ ഗോപന്‍ ചിദംബരം നാടകം അവതരിപ്പിച്ചിട്ടുണ്ട്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്ണും ഉരു ആർട്ട് ഹാർബറും കൂടിയായിരുന്നു അന്ന് നാടകത്തിന്റെ നിര്‍മ്മാണം നിർവ്വഹിച്ചിരുന്നത്. ഇതേ നാടകത്തിനാണ് രാജീവ് രവി ചലച്ചിത്ര ഭാഷ്യമൊരുക്കുന്നത്.