ന്യൂഡൽഹി: പാക് സേനയുടെ തടവിൽ നിന്നു മോചിതനായി, ഇന്ത്യയിൽ മടങ്ങിയെത്തിയ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ സൈനിക ആശുപത്രിയിലെ ആരോഗ്യ പരിശോധനകൾക്കു ശേഷം രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യാൻ തുടങ്ങിയതായി റിപ്പോർട്ട്.
സൈനിക ഇന്റലിജൻസ് വിഭാഗത്തിനു പുറമേ, ഇന്റലിജൻസ് ബ്യൂറോയും റായും അഭിനന്ദനെ ചോദ്യം ചെയ്യും.
പാക് സൈനികരുടെ ബന്ദിയായിരിക്കെ കഠിന മാനസിക പീഡനങ്ങൾക്ക് ഇരയായതായി അഭിനന്ദൻ ഇന്റലിജൻസ് ഏജൻസികളോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ചോദ്യംചെയ്യൽ ദിവസങ്ങളോളം ദീർഘിച്ചേക്കും. അഭിനന്ദന്റെ മാനസികനിലയെ സ്വാധീനിച്ച് ഇന്ത്യയുടെ രാജ്യരക്ഷാ രഹസ്യങ്ങൾ പാകിസ്ഥാൻ ചോർത്തിയിട്ടുണ്ടോ എന്ന് അറിയുകയാണ് ലക്ഷ്യം.
വാഗാ അതിർത്തി വഴി വെള്ളിയാഴ്ച രാത്രി ഇന്ത്യയ്ക്കു കൈമാറ്റം ചെയ്യപ്പെട്ട അഭിനന്ദനെ അമൃത്സറിലേക്കും, അവിടെനിന്ന് ഡൽഹിയിലേക്കും കൊണ്ടുപോവുകയായിരുന്നു. രാത്രി 11.45-ന് വിമാനത്തിൽ ഡൽഹിയിൽ എത്തിച്ച അഭിനന്ദനെ എയർഫോഴ്സ് ഇന്റലിജൻസ് സംഘം സുബ്രതോ പാർക്കിലെ എയർ ഫോഴ്സ് സെൻട്രൽ മെഡിക്കൽ എസ്റ്റാബ്ളിഷമെന്റിലെത്തിച്ചു.
ഇവിടെവച്ചാണ് ഇന്നലെ കുടുംബാംഗങ്ങളും പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും അഭിനന്ദനെ കണ്ടത്. മെഡിക്കൽ എസ്റ്റാബ്ളിഷ്മെന്റിലെ ശാരീരിക, മാനസിക പരിശോധനകൾക്കു ശേഷം അഭിനന്ദനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.