നടൻ പൃഥിരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായി ലൂസിഫറിനെതിരെയുള്ള കള്ളപ്രചരണത്തിനെതിരെ തുറന്നടിച്ച് താരങ്ങൾ. ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ വാർത്തകൾക്കെതിരെയാണ് പൃഥിരാജ് രംഗത്ത് വന്നത്. സിനിമയിലെ ആദ്യ രംഗമാണ് എന്ന് പറഞ്ഞുകൊണ്ട് സ്ക്രീൻ ഷോട്ട് സന്ദേശം വ്യാപകമായി സോഷ്യൽ മീഡിയിയിലൂടെ പ്രചരിച്ചിരുന്നു.
ഇതിനെതിരെയാണ് പൃഥിരാജ് പ്രതികരണവുമായി എത്തിയത്. കൂടാതെ നടൻ മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി തുടങ്ങിയവരും വ്യാജപ്രചാരണങ്ങൾക്കെതിരെ രംഗത്ത് വന്നു. ഒരിക്കലും ശമിക്കാത്ത കള്ളപ്രചാരങ്ങൾ എന്ന ഹാഷ്ടാഗോട് കൂടിയാണ് താരങ്ങൾ ഈ സ്ക്രീൻ ഷോട്ട് പങ്കുവയ്ക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടെതാണ്. ചിത്രത്തിന്റെ ഛായാഗ്രഹനം നിർവഹിക്കുന്നത് സുജിത് വാസുദേവും സംഗീതം ദീപക് ദേവുമാണ്. ചിത്രത്തിൽ മോഹൻലാലിനോടൊപ്പം ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ ഇയ്യപ്പൻ, അനീഷ് മേനോൻ, നൈല ഉഷ എന്നിവരും അണിനിരക്കുന്നു.
പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടിലെ വാചകങ്ങൾ
കോരിച്ചൊരിയുന്ന മഴയായിരുന്നു...ഇടത്തെ കൈയിൽ നിന്നും രക്തംവാർന്നൊലിക്കുന്നു. നിശബ്ദത, സ്റ്റീഫന്റെ കൈകളിൽ നിന്നും രക്തത്തുള്ളികൾ വീഴുന്ന ശബ്ദം മാത്രം. (ബിജിഎം) ബാക്ക്ഷോട്ട്.
അതു കഴിഞ്ഞ് 666 അംബാസിഡറിൽ കയറി ദൈവത്തിനരികിലേയ്ക്ക് അയച്ച ആ മനുഷ്യനെ സ്റ്റീഫൻ ഒന്ന് തിരിഞ്ഞുനോക്കുന്നുണ്ട്. (ലോങ് ഷോട്ട്)...എജ്ജാതി ഐറ്റം....