ലണ്ടൻ : ഇംഗ്ലീഷ് പ്രിമിയലീഗിൽ ലിവർപൂളിനെ മറികടന്ന് മാഞ്ചസ്റ്രർ സിറ്രി ഒന്നാം സ്ഥാനത്തെത്തി. ഇന്നലെ നടന്ന മത്സരത്തിൽ ബേൺമൗത്തിനെ അവരുടെ തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് സിറ്റി വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. 55-ാം മിനിറ്രിൽ റിയാദ് മെഹരസാണ് സിറ്റിയുടെ വിജയ ഗോൾ നേടിയത്. സിറ്റിക്കിപ്പോൾ 71 പോയിന്റും ലിവർപൂളിന് 69 പോയിന്റുമാണുള്ളത്.എന്നാൽ സിറ്രിയെക്കാൾ ഒരുകളി കുറച്ചേ കളിച്ചിട്ടുള്ളൂ എന്ന ആനുകൂല്യം ലിവർപൂളിനുണ്ട്. മറ്രൊരു മത്സരത്തിൽ സൗത്താംപ്‌ടണെ 3-2ന് കീഴടക്കി മാഞ്ചസ്റ്രർ യുണൈറ്രഡ് ആദ്യ നാലിൽ ഇടം നേടി.റൊമേലു ലൂക്കാക്കുവിന്റെ ഇരട്ടഗോളുകളും ആന്ദ്രേസ് പെരെയ്‌രയുടെ ഗോളുമാണ് യുണൈറ്രഡിന് ജയമൊരുക്കിയത്. വലേരിയും വാർഡ്പ്രൗസുമാണ് സൗത്താംപ്‌ടണായി ലക്ഷ്യം കണ്ടത്.
മറ്രൊരു സംഭവ ബഹുലമായ മത്സരത്തിൽ ടോട്ടൻ ഹാം ഹോട്സ്പറും ആഴ്സനലും ഒാരോഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. 16-ാം മിനിറ്രിൽ ആരോൺ റാംസെയിലൂടെ ആഴ്സനലാണ് ആദ്യം മുന്നിലെത്തിയത്. തുടർന്ന് 74-ാം മിനിറ്രിൽ കിട്ടിയ പെനാൽറ്റി കിട്ടിയ ഗോളാക്കി ഹാരി കേൻ ടോട്ടനത്തിന് സമനില നേടിക്കൊടുക്കുകയായിരുന്നു. ഫൗളുകൾ യഥേഷ്ടം കണ്ട മത്സരത്തിൽ രണ്ടാംപകുതിയുടെ അധിക സമയത്ത് ലൂക്കാസ് ടൊറെയ്റ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ ആഴ്സനൽ പത്തപേരുമായാണ് മത്സരം പൂർത്തിയാക്കിയത്.മത്സരത്തിന്റെ ടോട്ടനം മൂന്നും ആഴ്സനൽ രണ്ട് മഞ്ഞക്കാർഡും കണ്ടു.